കോട്ടയം : വാകത്താനം പഞ്ചായത്തിൽ നിയമം കാറ്റിൽപ്പറത്തി 45 ഏക്കർ തണ്ണീർത്തടം നികത്തി കരഭൂമിയാക്കാൻ നീക്കമെന്ന് പരാതി. 2008 ന് ശേഷം നികത്തിയെടുത്ത തണ്ണീർത്തടങ്ങൾ അതിന് മുൻപ് നികത്തിയതാണെന്ന് കാട്ടിയാണ് ബാക്കിയിടം കൂടി നികത്തി കരഭൂമിയാക്കാൻ ശ്രമം. ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ (എൽ.എൽ.എം.സി)​ ഒത്താശയോടെയാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഡേറ്റാ ബാങ്കിൽ പോലും വിവരങ്ങൾ ഇല്ലാതെ നിലങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളും നികത്താൻ കമ്മിറ്റി അംഗീകരിച്ചെന്ന് വിവരാവകാശരേഖ പറയുന്നു. വീടിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ മാത്രം 2008 ന് മുമ്പ് നികത്തപ്പെട്ട തണ്ണീർത്തടങ്ങൾക്ക് കരഭൂമിക്ക് തുല്യമായ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താമെന്നാണ് വ്യവസ്ഥ. ഇതിന് മോണിറ്ററിംഗ് കമ്മിറ്റി ശുപാർശ ചെയ്യണം.

 മോണിട്ടറിംഗ് കമ്മിറ്റിയും ഉഡായിപ്പ്

അതത് പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തിരഞ്ഞെടുക്കുന്ന ആറു കർഷകരിൽ നിന്ന് കളക്ടർ നോമിനേറ്റ് ചെയ്യുന്ന മൂന്നു കർഷകർ എന്നിവരാണ് കമ്മിറ്റിയിൽ വരേണ്ടത്. എന്നാൽ ഇവിടെ കർഷകർക്ക് പകരം കോൺഗ്രസ്-സി.പി.എം നേതാക്കളാണ്. ഡി.സി.സി പ്രസിഡന്റിന്റെ നാട്ടിൽ നടക്കുന്ന സംഭവത്തിൽ കോൺഗ്രസ് നേതൃത്വവും മൗനത്തിലാണ്.

 ക്രമക്കേടുകൾ ഇങ്ങനെ

2008ന് ശേഷം നികത്തിയതും നിലവിൽ തണ്ണീർത്തടങ്ങളായി അവശേഷിക്കുന്നതുമായ 45 ഏക്കർ ഭൂമി 54 പേരുടെ പേരിലാണ് . ഇതിൽ എട്ടുപേരുടെ പേരിൽ മാത്രം മൂന്നേക്കർ വീതം ഭൂമിയുണ്ട്. വീട് വയ്ക്കാനെന്നാണ് ഇവർ മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകിയത്. അപേക്ഷ നിയമപരമായി നിലനിൽക്കില്ലെങ്കിലും ഇവരുടെ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

''കമ്മിറിയുടെ ശുപാർശ ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ഇതിന് പിന്നിൽ ഭൂമാഫിയയുടെ കരങ്ങളാണ്' ''

എബി ഐപ്പ്,​ പരാതിക്കാരൻ