പൊൻകുന്നം: മണ്ഡലകാലം തുടങ്ങാൻ ഇനി അവശേഷിക്കുന്നത് രണ്ടാഴ്ച മാത്രം. തീർത്ഥാടനപാതകളിൽ ഒരുക്കങ്ങൾ മന്ദഗതിയിൽ. ദർശനം തുടങ്ങുന്ന വൃശ്ചികം ഒന്നിനു മുമ്പുതന്നെ അയ്യപ്പന്മാരുടെ വാഹനങ്ങളുടെ ഒഴുക്കു തുടങ്ങും. പ്രധാനപാതകളിലും വഴിതിരിയുന്ന ജംഗ്ഷനുകളിലും അടയാളബോർഡുകളും ദിശാസൂചകബോർഡുകളും സ്ഥാപിച്ചിട്ടില്ല. വടക്കൻകേരളത്തിൽനിന്നും തമിഴ്‌നാട് ,കർണ്ണാടകം,ആന്ധ്രപ്രദേശ് ,തെലുങ്കാന തുടങ്ങി അന്യസംസ്ഥാനങ്ങളിൽനിന്നും എത്തുന്ന തീർത്ഥാടകരിൽ വലിയൊരുഭാഗവും മൂവാറ്റുപുഴ പുനലൂർ സംസ്ഥാനപാതയിലൂടെ പാലാ,പൊൻകുന്നം വഴിയാണ് കടന്നുവരുന്നത്. പൊൻകുന്നം വരെ അന്തർദേശീയനിലവാരത്തിൽ നിർമ്മിച്ച റോഡിൽ അറ്റകുറ്റപ്പണികളൊന്നുംതന്നെയില്ല. എന്നാൽ മഴ ശക്തമായപ്പോൾ കുത്തൊഴുക്കിൽ റോഡിനിരുവശവുമുള്ള ഓടകളിൽ മാലിന്യം നിറഞ്ഞു. പലഭാഗങ്ങളിലും കാഴ്ച മറയ്ക്കുംവിധം കാടുവളർന്ന് റോഡിലേക്കിറങ്ങി.
അപകടങ്ങൽ നിത്യസംഭവമായതിനാൽ പാലാപൊൻകുന്നം റോഡിൽ ശക്തമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.കഴിഞ്ഞ വർഷം അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കർ ഉപയോഗിച്ച് വാഹനങ്ങളെ നിയന്ത്രിക്കുകയായിരുന്നു.ഇത് വളരെ ഫലപ്രമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ ഈ വർഷം സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടുമില്ല. പൊൻകുന്നം- മണിമല റോഡിലെ കുഴികളടയ്ക്കൽ കഴിഞ്ഞ തീർത്ഥാടനകാലത്തിനു മുമ്പ് തുടങ്ങിയതാണ്.ഒരിക്കലും തീരാത്ത പണി ഇപ്പോഴും തുടരുന്നുണ്ട്.ശക്തമായ മഴയാണ് പണികൾ ഇഴയാൻ കാരണമെന്നും 17ന് മുമ്പ് ജോലികൾ പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പട്ടിമറ്റത്ത് കഴിഞ്ഞവർഷം പ്രളയത്തിൽ റോഡിന് വിള്ളൽ സംഭവിച്ചതാണ്. അന്ന് യാത്ര അപകടകരമായതിനാൽ ഗതാഗതം ഒരുവശത്തുകൂടെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.റോഡിന് കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിന് കഴിഞ്ഞ വർഷം തയ്യാറാക്കിയ 93 ലക്ഷം രൂപയുടെ പദ്ധതി ഇപ്പോൾ മാത്രമാണ് തുടങ്ങാനായത്. പണി എന്ന് തീരുമെന്ന കാര്യത്തിലും ഒരു നിശ്ചയവുമില്ല.കൊല്ലം തേനി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വാഴൂർ മുതൽ മുണ്ടക്കയം വരെയുള്ള ടാറിംഗ് പൂർത്തിയായെങ്കിലും മിക്കയിടങ്ങളിലും സീബ്രാലൈനുകളും മറ്റ് അടയാളബോർഡുകളും സ്ഥാപിച്ചിട്ടില്ല.

 ഇതാ, അതിൽ ചിലത്...!

 അടയാളബോർഡുകളും ദിശാസൂചകബോർഡുകളും സ്ഥാപിച്ചിട്ടില്ല

 റോഡിൽ അറ്റകുറ്റപ്പണികളൊന്നുംതന്നെയില്ല

 സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം തീരുമാനമായില്ല

 പൊൻകുന്നം- മണിമല റോഡിലെ അറ്റക്കുറ്റപ്പണികൾ തീർന്നില്ല