കോട്ടയം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള കാർഷിക പ്രചാരണ പരിപാടി 'സമൃദ്ധി" തിരുനക്കര മൈതാനത്ത് ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദൈനംദിന ഭക്ഷ്യാവശ്യങ്ങൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയിൽനിന്ന് സ്വയംപര്യാപ്തതയിലേക്ക് ചുവടുവയ്ക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയിലെ പ്രളയബാധിത ഗ്രൂപ്പുകൾക്കുള്ള 5,12,740 രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിയിൽ കാർഷിക, വ്യവസായിക ഉത്പന്നങ്ങളുടെ വിപണനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. മേള നാലിന് അവസാനിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഡോ.പി.ആർ സോന നിർവഹിച്ചു.