കോട്ടയം : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു നൽകിവരുന്ന ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. മിനിമം പെൻഷൻ സ്റ്റേജ് ക്യാരേജ്, കോൺട്രാക്ട് ക്യാരേജ് വിഭാഗത്തിൽ നിലവിലുളള 1200 രൂപ 5000 രൂപയാക്കി. ഗുഡ്‌സ് വെഹിക്കിൾ (ഹെവി/ലൈറ്റ്) വിഭാഗത്തിൽ 1200 രൂപയിൽ നിന്ന് 3500 രൂപയായും ടാക്‌സി ക്യാബ് വിഭാഗത്തിൽ 1200 രൂപയിൽ നിന്ന് 2500 രൂപയായും ഓട്ടോറിക്ഷയ്ക്ക് 1200 രൂപയിൽ നിന്ന് 2000 രൂപയായും വർദ്ധിപ്പിച്ചു. മരണാനന്തര സഹായം, ചികിത്സ, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 രൂപയിൽ നിന്നു 1,00,000 രൂപയായും അപകട മരണാനന്തര ധനസഹായം 1,50,000 രൂപയിൽ നിന്നു 2,00,000 രൂപയായും വിവാഹ ധനസഹായം 20,000 രൂപയിൽ നിന്നു 40,000 രൂപയായും ഉയർത്തി.