വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവനാളുകൾ ഇക്കുറി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ അഷ്ടമി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ തീരുമാനമായി. ഹരിത അഷ്ടമിയുടെ മുന്നോടിയായി ക്ഷേത്രനഗരത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കൂടുകളും ഫ്‌ളക്‌സ് ബോർഡുകളും നിരോധിച്ചു. ക്ഷേത്രവളപ്പിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് മൺഗ്ലാസിൽ കുടിവെള്ളം വിതരണം ചെയ്യും. നഗരത്തിലെ വിവിധ ഇടങ്ങളിലായി ഹരിതകർമസേന വിന്യസിച്ച് റോഡിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് വല്ലത്തിൽ നിക്ഷേപിക്കും. തത്സസമയം പേപ്പർ ബാഗുകൾ നിർമിച്ചു നൽകുന്ന സംവിധാനവും നഗരസഭാ ഓഫീസിനുസമീപം സജ്ജീകരിക്കും. വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷയായി. നേരത്തെ ചേർന്ന അവലോകന യോഗത്തിലെ നിർദേശങ്ങളുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തി. റോഡുകൾ എല്ലാം അഷ്ടമിക്ക് മുൻപ് നന്നാക്കാൻ പി.ഡബ്ല്യു.ഡി അധികൃതർക്ക് നിർദേശം നൽകി. ക്ഷേത്ര മതിലിനുള്ളിൽ 24 മണിക്കൂറും ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കുമെന്ന് താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. എസ്.കെ ഷീബ പറഞ്ഞു. കിഴക്കേനടയിൽ ഒരു ആംബുലൻസ് സർവീസ് ലഭ്യമാക്കും. വേമ്പനാട്ട് കായലിൽ വൈക്കം തവണക്കടവ് ഫെറിയിൽ അടിഞ്ഞു കൂടിയ പോള ബോട്ട് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 17 മുതൽ കൂടുതൽ ബോട്ട് സർവീസുകളും നടത്തും. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.ശശിധരൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.സുഗതൻ, അഡ്വ. കെ.കെ രഞ്ജിത്ത്, എസ്.ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, തഹസിൽദാർ എസ്.ശ്രീജിത്ത്, ദേവസ്വം അധികൃതർ, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.