വൈക്കം: നാടിന്റെ സാമൂഹ്യ മാറ്റത്തിന് നിസ്തുല സംഭാവന ചെയ്ത നാടക പ്രസ്ഥാനത്തിന് വർത്തമാനകാലത്ത് ആവശ്യമായ പരിഗണന ലഭിക്കാതെ പോകുന്നത് നവോത്ഥാനത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണന്ന് കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം. കെ. ഷിബു അഭിപ്രായപ്പെട്ടു.
നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് വൈക്കം താലൂക്കിൽനടപ്പിലാക്കുന്ന നാടകഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം താലൂക്കിലെ മുഴുവൻ പഞ്ചായത്തു പ്രദേശങ്ങളിലും നഗരസഭയിലും പ്രതിവാര നാടകങ്ങളും നാടകകളരികളും സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സാംസ്‌കാരികസംഘടനകളടേയും ഗ്രന്ഥശാലകളടേയും അയൽക്കൂട്ടങ്ങളടേയും സ്വാശ്രയസംഘങ്ങളടേയും സഹകരണത്തോടെയാണ് സമ്പൂർണ്ണനാടക ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഡി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.മാലാ സുകുമാരൻ, എൻ.എൻ.അശോകൻ, സോമശേഖരൻ നായർ, ബാബുകടുത്തുരുത്തി, സി.പി. ലെനിൻ, കെ.പി.വിനോദ്, വൈക്കം രമേശൻ, നാണപ്പൻ, സൂര്യപണിക്കർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്കടുത്തുരുത്തി നാടകശാലയുടെ ഇടം എന്ന നാടകം അവതരിപ്പിച്ചു.