കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ട് മൂന്ന് മാസം
കാഞ്ഞിരപ്പള്ളി : മൂന്നുമാസം മുൻപ് പൂട്ടിയതാണ് ഈ കംഫർട്ട് സ്റ്റേഷൻ. എന്ന് തുറക്കുമെന്ന് അധികൃതർക്കും ഒരു നിശ്ചയമില്ല. ഫലമോ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ശങ്ക തീർക്കണേൽ കാടിന്റെ മറ തപ്പി പോകണം. പക്ഷെ സ്ത്രീ യാത്രക്കാർ എന്ത് ചെയ്യും. മലിനജലക്കുഴിയിൽനിന്ന് ജലം പുറത്തേക്കൊഴുകിയതോടെയാണ് കംഫർട്ട് സ്റ്റേഷന് പൂട്ട് വീണത്. മുൻപും മലിനജലം പുറത്തേക്കൊഴുകിയതിനെ തുടർന്ന് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് പുതിയ സെപ്ടിക് ടാങ്ക് നിർമ്മിച്ചശേഷമാണ് തുറന്നുനൽകിയത്. ഇതിനുശേഷം വീണ്ടും മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങി.
നിലവിൽ യാത്രക്കാർക്ക് പ്രഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യമില്ല. ആകയുള്ള ആശ്രയം കുരിശുങ്കൽ മണിമല റോഡിലും പേട്ടക്കവലയിലുമുള്ള പൊതുശൗചാലയങ്ങളാണ്. സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഇവിടെയെത്താൻ ഒാട്ടോറിക്ഷ പിടിക്കേണ്ടി വരും. നവീകരണം നടത്തി കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപരികളുടെയും ആവശ്യം. ലക്ഷങ്ങൾ മുടക്കി അടുത്തിടെയാണ് സ്റ്റാൻഡ് നവീകരിച്ചത്.
ഒഴിഞ്ഞുമാറി പഞ്ചായത്ത്
ബി.ഒ.ടി അടിസ്ഥാനത്തിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചതിനാൽ പഞ്ചായത്തിന് നവീകരണം നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. നിസാര തടസങ്ങൾ പറഞ്ഞു നിർമ്മാണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ പറഞ്ഞു.
കംഫർട്ട് സ്റ്റേഷൻ പൂട്ടിയത് മലിനജലം പുറത്തേക്ക് ഒഴുകിയതിനാൽ
കൂടുതൽ യാത്രക്കാരെത്തുന്ന സ്റ്റാൻഡ്
സ്ത്രീകളടക്കമുള്ളവർ ദുരിതത്തിൽ