കോട്ടയം: വിലകൊടുത്തുവാങ്ങിയ ഭൂമിയിൽ വീടുനിർമിക്കാനൊരുങ്ങിയ ഗൃഹനാഥന് അയൽവാസി വധഭീഷണി മുഴക്കുന്നതായി പരാതി. കുടമാളൂർ കിഴക്കേടത്ത് ഗുരുഭവനിൽ കെ.പി. സത്യനേശനാണ് അയൽവാസി ഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നത്.
പത്ത് വർഷം മുമ്പ് നട്ടാശേരി മണലേൽ വീട്ടിൽ രാമചന്ദ്രൻ ആശാരി എന്നയാളിൽ നിന്ന് നാലര സെന്റ് സ്ഥലവും അതിലെ പഴയവീടും സത്യനേശൻ വിലയ്ക്കുവാങ്ങിയിരുന്നു. അന്നുമുതൽ കൈവശം വച്ച് അനുഭവിച്ചുവരുന്ന സ്ഥലത്ത് അടുത്തിടെ വീട് പുതുക്കിപ്പണിയാൻ ശ്രമിച്ചപ്പോൾ മുതൽ രാമചന്ദ്രൻ ആശാരിയുടെ മകൻ അജിത് ഗുണ്ടാസംഘങ്ങളുമായി എത്തി ആക്രമണം തുടങ്ങിയെന്നാണ് പരാതി. ഇതിനെതിരെ ഗാന്ധിനഗർ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്ന് പരാതിക്കാരന്റെ വസ്തുവിൽ കയറരുതെന്നും വീട് പണി തടസപ്പെടുത്തരുതെന്നും അജിത്തിന് പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഇയാൾ വീണ്ടും ശല്യം തുടർന്നപ്പോൾ സത്യനേശൻ ഏറ്റുമാനൂർ മുൻസിഫ് കോടതിയെ സമീപിച്ചു. കഴിഞ്ഞ ശനിയാഴ്ച അടിയന്തിരമായി കേസ് പരിഗണിച്ച കോടതി വസ്തുവിൽ പ്രവേശിക്കരുതെന്നും വീട് പണി തടസപ്പെടുത്തരുതെന്നും നിർദ്ദേശിച്ച് അജിത്തിനെതിരെ ഇഞ്ചക്ഷൻ ഓർഡർ പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് ഇന്നലെ രാവിലെ തൊഴിലാളികളുമായി വീടുപണിയാൻ എത്തിയ തന്നെ അജിത്തും കൂട്ടാളികളുംചേർന്ന് ആക്രമിക്കാൻ ശ്രമച്ചെന്നും വീട് പണിയാൻ വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സത്യനേശൻ ഇന്നലെ വീണ്ടും ഗാന്ധിനഗർ പൊലീസിൽ പരാതിനൽകി. വീടുപണിക്കുവേണ്ടി സ്ഥലത്ത് ഇറക്കിയിട്ടിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, എസ്.എൻ.ഡി.പി യോഗം മര്യാതുരുത്ത് ശാഖ പ്രവർത്തകനായ തന്റെ വീടിന് മുകളിൽ കെട്ടിയിരുന്ന മഞ്ഞക്കൊടി ആരോ അഴിച്ചുമാറ്റി അവിടെ മറ്റൊരു സംഘടനയുടെ കൊടികെട്ടിയെന്നും സത്യനേശൻ പറയുന്നു.