പാലാ: നഗരസഭാ ഭരണവും ഇനി പി.ജെ. ജോസഫ് ഗ്രൂപ്പിന്റെ കൈകളിലേക്ക്.
നിലവിലെ ചെയർപേഴ്‌സണും ജോസ് കെ. മാണി വിഭാഗക്കാരിയുമായ ബിജി ജോജോ ഈ മാസം അവസാനത്തോടെ രാജി വയ്ക്കും. കേരളാ കോൺഗ്രസിലെ മുൻധാരണ അനുസരിച്ച് അരുണാപുരം വാർഡ് മെമ്പർ മേരി ഡൊമിനിക്കിനാണ് അടുത്ത ഊഴം. അടുത്തിടെ ജോസഫ് ഗ്രൂപ്പിലേക്ക് മാറിയ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ നയിക്കുന്ന ഗ്രൂപ്പിലെ പ്രധാനിയാണ് മേരി . സ്വാഭാവികമായും കെ.എം. മാണിയുടേയും ജോസ് കെ. മാണിയുടേയും തട്ടകമായ പാലാ നഗരസഭയെ ഇനി നയിക്കുക ജോസഫ് ഗ്രൂപ്പുകാരാകുമെന്ന് വ്യക്തം. പാലാ നഗരസഭ ഭരണം കൂടി ലഭിക്കുമെന്നതിന്റെ ഉത്സാഹത്തിലാണിപ്പോൾ ജോസഫ് ഗ്രൂപ്പുകാർ.
മാണിയുടെ വിശ്വസ്തനായിരുന്ന കുര്യാക്കോസ് പടവൻ കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പോടെയാണ് ജോസഫ് ഗ്രൂപ്പിൽ ചേർന്നത്. ഇതിനും വളരെ മുമ്പേ തന്നെ ജോസ് കെ. മാണിയോടു തെറ്റിയ പടവൻ വൈസ് ചെയർമാനാണെങ്കിലും കുറെക്കാലമായി നഗരസഭയിലെ 'പ്രതിപക്ഷ' ത്തിന്റെ റോളിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം മാണി ഗ്രൂപ്പിലെ മറ്റ് ആറ് കൗൺസിലർമാരുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവരിലൊരാളാണ് ചെയർപേഴ്‌സൻ സ്ഥാനത്തിന് ഊഴം കാത്തിരിക്കുന്ന മേരി ഡൊമിനിക്ക് .
എന്നാൽ സ്ഥാനം കിട്ടുംവരെ നയത്തിൽ നിൽക്കാനും, ജോസ് കെ.മാണിയുടെ പിന്തുണ അഭ്യർത്ഥിക്കാനുമാണ് ഇവരോട് ജോസഫ് ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് പലവട്ടം ഇവർ ജോസ് കെ.മാണിയെ നേരിട്ടു കാണുകയും ജോസ് ഗ്രൂപ്പിൽ ഉറച്ചു നിൽക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്. മേരി ഡൊമിനിക്ക് ചെയർപേഴ്‌സണാകുന്ന പക്ഷം ഭരണത്തിന്റെ ചരട് വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെ കൈയിലാകും. ഇടതു പക്ഷവും ബി.ജെ.പി.യും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പിന്തുണയും സമർത്ഥമായ കരുനീക്കങ്ങളിലൂടെ പടവൻ ഉറപ്പാക്കിയിട്ടുണ്ട്.
ഇതേ സമയം നിലവിലെ ചെയർപേഴ്‌സൺ ബിജി ജോജോയെ ഏതു വിധേനയും നിലനിർത്താൻ ജോസ് കെ. മാണി വിഭാഗം കൗൺസിലർമാർ നീക്കം നടത്തിയിരുന്നു. എന്നാൽ ജോസ് കെ. മാണി ഈ നീക്കത്തെ അനുകൂലിച്ചിട്ടില്ല. മുൻ ധാരണ പ്രകാരം കാര്യങ്ങൾ നടക്കട്ടേയെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട് . തർക്കത്തിലൂടെ സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് ബിജി ജോജോയും പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചു.