തലയോലപ്പറമ്പ്: റോഡിൽ രൂപപ്പെട്ട കുഴി ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ മാർക്കറ്റ് റോഡിലാണ് വാഹന യാത്രികർക്ക് ഭീഷണിയായി കുഴി രൂപപ്പെട്ടത്. ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച ഭാഗത്തെ ടാറിംഗ് ഇളകി താഴ്ന്നാണ് റോഡിൽ വൻ കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു .മാർക്കറ്റ് റോഡിന്റെ പ്രവേശന ഭാഗത്ത് ഗർത്തം രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്. രണ്ടടിയിലധികം താഴ്ചയുള്ള കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. രണ്ട് വാഹനങ്ങൾ ഒരെ സമയം എതിരെ വരുമ്പോഴും മറ്റ് വാഹനങ്ങൾ കടന്ന് പോകുന്നതിന് അരിക് ചേർക്കുമ്പോഴും ചക്രങ്ങൾ കുഴിയിൽ താഴ്ന്ന് പോകുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം രാത്രി നിത്യോപയോഗ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് യുവാവിന് പരിക്കേറ്റിരുന്നു. വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ റോഡിൽ വീണ് നശിച്ചെങ്കിലും യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടി പൊളിച്ച റോഡ് അറ്റകുറ്റപണികൾ നടത്താത്തത് മൂലം റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ നിലയിലാണ്.അപകടങ്ങൾ പതിവായതോടെ കഴിഞ്ഞ ദിവസം സമീപത്തെ വ്യാപാരികൾ കുഴിയിൽ മണ്ണിട്ട് നികത്തിയെങ്കിലും അതും താഴ്ന്ന് പോയി വീണ്ടും ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.