പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആവിഷ്‌ക്കരിച്ച 'ശ്രീ പത്മനാഭം ' സഹായ നിധിശേഖരണത്തിനായി ' കരയോഗ വിളംബര യാത്ര തുടങ്ങി. കരയോഗങ്ങളിൽ വിശേഷാൽ പൊതുയോഗങ്ങൾ വിളിച്ച് ചേർത്ത് യൂണിയൻ നേതാക്കളെത്തി നിധി സമാഹരണം നടത്താനാണ് യാത്ര. ഇന്നലെ ഏഴാച്ചേരി കിഴക്ക് കരയോഗത്തിൽ നടന്ന വിളംബര യാത്ര താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ശ്രീപത്മനാഭം നിധിയിലേക്ക് 10 ലക്ഷം രൂപയോളം സമാഹരിച്ചതായി അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് പി.എൻ.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ.രഘുനാഥൻ നായർ, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. കരയോഗത്തിന്റെ തുക രഘുനാഥൻ നായരിൽ നിന്നു രാമപുരം പി. എസ്. ഷാജികുമാർ ഏറ്റുവാങ്ങി. 105 കരയോഗങ്ങളാണ് യൂണിയനു കീഴിലുള്ളത്. വിളംബര യാത്ര ഡിസംബറിൽ പൂർത്തിയാകുന്നതോടെ കാൽക്കോടി രൂപ ശ്രീപത്മനാഭം നിധിയായി ഉണ്ടാകുമെന്ന് പദ്ധതി കൺവീനർ അജിത്. സി. നായരും, യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായരും പറഞ്ഞു.