കോട്ടയം: കേരളത്തിലെ കർഷകരെ ദോഷകരമായി ബാധിക്കുന്ന ആർ.സി.ഇ.പി കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോട്ടയം ഐ.എം.എ. ഹാളിൽ ജില്ലതല ക്ഷീരസഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖല മാത്രമാണ് കേരളത്തിൽ സ്വയംപര്യാപ്തമായിട്ടുള്ളത്. കരാർ നടപ്പിലാകുന്നതോടെ പാലും പാൽ ഉത്പന്നങ്ങളും യഥേഷ്ടം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയുണ്ടാകും. അതുവഴി കേരളത്തിലെ ക്ഷീരമേഖലയുടെ തകർച്ച് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ബോണസും ഡിവിഡന്റും കരസ്ഥമാക്കിയ മോനിപ്പള്ളി, കുര്യനാട് എന്നീ സംഘങ്ങൾക്കുള്ള ചെക്ക് ഉമ്മൻചാണ്ടി വിതരണം ചെയ്തു. 25 വർഷം ക്ഷീരസംഘം പ്രസിഡന്റ് പദവിയിൽ പ്രവർത്തിച്ച സഹകാരികളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദരിച്ചു.

നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ. സോന, എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ കെടുവത്ത്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം സോണി ഈറ്റയ്ക്കൻ, പി.എസ്. സെബാസ്റ്റ്യൻ, എം.ടി. ജയൻ, ജോമോൻ ജോസഫ്, നഗരസഭ കൗൺസിലർ സാബു പുളിമൂട്ടിൽ, മാനേജിംഗ് ഡയറക്ടർ ഡോ. മുരളീധരദാസ് തുടങ്ങിയവർ പ്രസംഗിച്ചു.