ചങ്ങനാശേരി: സഞ്ചാരമാർഗം തടഞ്ഞ് റെയിൽവേ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ട് ഒന്നരമാസം പിന്നിടുമ്പോഴും കുറിച്ചി പഞ്ചായത്തിലെ കുന്നലിക്കൽ ഭാഗത്ത് ജനങ്ങളുടെ ദുരിതം ഒഴിയുന്നില്ല. വൃദ്ധജനങ്ങളും കുട്ടികളുമടക്കം നിരവധിപ്പേർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. നടന്നുപോകാൻ പോലും കഴിയാത്ത വിധം ബാരിക്കേഡുകൾ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഒടുവിൽ ബാരിക്കേഡുകൾ നീക്കാനാകില്ലെന്ന വിശദീകരണവുമായി ഡിവിഷണൽ റെയിൽവേ മാനേജർ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ടറിയാൻ യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ സ്ഥലം സന്ദർശിച്ചു. എം.ഡി ദേവരാജൻ ,ശോഭാ സലിമോൻ, രാജഗോപാൽ, ജോമോൻ കുളങ്ങര, ഗിരീഷ് കുമാർ പിള്ള, ബാബു കോയിപ്പുറം, വാസുദേവൻ, ശശികുമാർ കുമാരമംഗലം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം സഞ്ചാരപാത ഒരുക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.