വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനും കൊടികയറ്റുന്നതിനുള്ള കൊടിക്കയർ ആചാരപ്രകാരം ഇരു ക്ഷേത്രങ്ങളിലും സമർപ്പിച്ചു. അവകാശികളായ ഉന്റാശ്ശേരി കുടുംബത്തിലെ കാരണവരായ കാർത്തികേയനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കയർ സമർപ്പിച്ചത്. മഹാരാജാവിനെയും പരിവാരങ്ങളേയും കടത്ത് കടത്തി അക്കര എത്തിച്ചതിന് രാജാവ് കല്പിച്ച് നല്കിയ പാരിതോഷികമാണ് ഉന്റാശ്ശേരി കുടുംബക്കാർക്ക് കൊടിക്കയർ സമർപിക്കാനുള്ള അവകാശം. 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങളോടെയാണ് കൊടിക്കയർ തയ്യാറാക്കിയത്. വൈക്കത്തെ കൊടിക്കയറിന് 130 അടിയും ഉദയനാപുരത്തേ തിന് 120 അടിയും നീളമുണ്ട്. കയർ, പട്ട് തുന്നി കുരുത്തോലയിൽ പൊതിഞ്ഞ് ഓലക്കുട ചൂടി വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയിലെത്തിച്ചു. ഇവിടെ നിന്നും താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയോടെ കൊടിമരച്ചുവട്ടിൽ എത്തി ദീപം തെളിയിച്ച ശേഷം തൂശനിലയിൽ സമർപ്പിച്ചു. ഉദയനാപുരം ക്ഷേത്രത്തിലെ തെക്കേനടയിൽ നിന്നും കൊടിക്കയർ എഴുന്നള്ളിച്ച് ക്ഷേത്രബലിക്കൽ പുരയിൽ സമർപ്പിച്ചു. ചടങ്ങിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ നേതൃത്വം നല്കി.