തലയോലപറമ്പ്: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം പ്രദേശവാസികളും ദുരിതത്തിലായി. ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സമീപത്തുകൂടി കടന്നു പോകുന്ന പ്രധാന വഴികളിൽ മുൻപ് കമ്പനി തന്നെ ഗതാഗത യോഗ്യമാക്കുന്ന തായിരുന്നെങ്കിൽ വർഷങ്ങളായി ഫാക്ടറി പ്രതിസന്ധിയിലായതോടെ ഇത് നിലച്ചുപോകുകയായിരുന്നു. വെള്ളൂർ റയിൽവേ സ്റ്റേഷൻ മൂർക്കാട്ടിപ്പടി റോഡ്, എച്ച്. എൻ. എൽ. പമ്പ് ഹൗസ് റോഡ്, വെള്ളൂർ ചെക്ക് പോസ്റ്റ് കല്ലുവേലി റോഡ് തുടങ്ങിയ റോഡുകൾ കമ്പനി തകർച്ചയിലായതോടെ അറ്റകുറ്റപ്പണി നടത്താതതിനെ തുടർന്ന് ഇപ്പോൾ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായ അവസ്ഥയാണ്.ഇതിൽ വെള്ളൂർ ചെക്ക് പോസ്റ്റ് കല്ലുവേലി റോഡ് 500 ൽ അധികം നിർദ്ധന പട്ടികജാതി കുടുംബങ്ങൾ ഉൾപ്പടെ തിങ്ങിപ്പാർക്കുന്ന ഇറുമ്പയം കോളനിയിലേയ്ക്കുള്ള ഏക സഞ്ചാര മാർഗം കൂടിയാണ്. കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെ കാൽനടപോലും ദുഷ്‌കരമായിരിക്കുകയാണ്. പതിറ്റാണ്ടുകളായി എച്ച്. എൻ. എൽ. നന്നാക്കി വരുന്ന റോഡായതിനാൽ വെള്ളൂർ ഗ്രാമപഞ്ചായത്തും ഈ റോഡിന്റെ പുനർനിർമ്മാണം നടത്താൻ തയ്യാറാകുന്നില്ല. പഞ്ചായത്തും റയിൽവേ അധികൃതരും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് യാത്ര ദുരിതമായി മാറിയ വെള്ളൂർ എച്ച് എൻ എൽ റെയിൽവേ സ്റ്റേഷൻ റോഡ് എതാനും മാസം മുൻപ് വെള്ളൂർ ആർട്ട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ്ബും നാട്ടുകാരുംചേർന്ന് ഒരുകിലോമീറ്റർ ദൂരമുള്ള റോഡ് ഒരു ലക്ഷത്തോളം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയെങ്കിലും കനത്ത മഴ പെയ്തതിനെ തുടർന്ന് റോഡിന്റെ സ്ഥിതി ഇപ്പോൾ പഴയതിലും ശോചനീയമാണ്. വെള്ളൂർ റയിൽവേസ്റ്റേഷൻ, എച്ച് എൻ എൽ, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് യാത്രക്കാരും നൂറ് കണക്കിന് വാഹനങ്ങളും നിത്യേന വന്നിരുന്ന റോഡാണ് ഇത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. എച്ച്. എൻ. എൽ. നഷ്ടത്തിലായതും ഗ്രാമപഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കാതെയും വന്നതോടെയാണ് റോഡ് കൂടുതൽ തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.