കോട്ടയം: പൊള്ളുന്ന വെയിലിലും തരിമ്പും വാടാതെ വിശ്വാസ സംരക്ഷണമെന്ന മുദ്രാവാക്യം മുഴക്കി യാക്കോബായ സഭാ വിശ്വസികൾ. കെ.കെ റോഡിൽ മണർകാട് മുതൽ ഗാന്ധിസ്‌ക്വയർ വരെ അവർ കൈ പിടിച്ച് ഒറ്റക്കെട്ടായി അണിനിരന്നു.

മണർകാട് കത്തീഡ്രല്ലിലെ ധൂപപ്രാർത്ഥനയ്‌ക്കു ശേഷമായിരുന്നു മനുഷ്യ ചങ്ങല തീർത്തത്. മണർകാട് പള്ളിമുതൽ മണർകാട് കവലവരെ റോഡിന്റെ പടിഞ്ഞാറുവശത്തും, തുടർന്ന് കെ.കെ.റോഡിൽ ഇടതുവശത്തും പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആവേശത്തോടെ കൈ കോർത്തു. വിശ്വാസച്ചങ്ങല പൂർണ്ണമായതോടെ കത്തീഡ്രൽ സഹവികാരി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വിശ്വാസികൾ അത് ഏറ്റുചൊല്ലി.
വിശ്വാസപ്രഖ്യാപനത്തിനുശേഷം മണർകാട് പള്ളി, മണർകാട് കവല, വടവാതൂർ അപ്രേം കുരിശുപള്ളി, കളത്തിപ്പടി, കഞ്ഞിക്കുഴി, കോട്ടയം ഗാന്ധിസ്‌ക്വയർ തുടങ്ങിയ പ്രധാനകേന്ദ്രത്തിൽ ഐക്യദാർഢ്യസമ്മേളനങ്ങൾ നടത്തി. പത്തു കിലോമീറ്ററോളം ദൂരമാണ് ആളുകൾ അണിനിരന്നത്. സഭയിലെ ആത്മീയ സംഘടനകളായ പ്രാർത്ഥനായോഗങ്ങൾ, സൺഡേസ്‌കൂൾ, മർത്തമറിയം വനിതാസമാജം, യൂത്ത് അസോസിയേഷൻ, കേഫാ, സെന്റ് പോൾസ് മിഷൻ തുടങ്ങിയ സംഘടനാപ്രവർത്തകരും വിശ്വാസികളും അഭ്യൂദയകാംക്ഷികളും കണ്ണികളായി.

ഉച്ചകഴിഞ്ഞു മൂന്നിനാണു ചങ്ങല ക്രമീകരിച്ചിരുന്നതെങ്കിലും അതിനു മുമ്പേ തന്നെ, വിശ്വാസികൾ അച്ചടക്കത്തോടെ തങ്ങൾക്കു നിശ്ചയിച്ചിരുന്ന സ്ഥാനത്ത് അണിനിരന്നിരുന്നു. ഗതാഗത തടസം പരമാവധി ഒഴിവാക്കി. റോഡുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ കടന്നു പോകാൻ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സത്യവിശ്വാസചങ്ങലയ്ക്ക് ശേഷം നടന്ന യോഗം പൗലോസ് മോർ ഐറേനിയോസ് ഉദ്ഘാടനം ചെയ്‌തു. കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ കോർഎപ്പിസ്‌കോപ്പ വേലംപറമ്പിൽ, ഫാ. കുറിയാക്കോസ് കിഴക്കേടം എന്നിവർ പ്രസംഗിച്ചു. കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടന്ന സമ്മേളനത്തിൽ കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പ മൂലയിൽ, ഫാ. കുറിയാക്കോസ് കടവുംഭാഗം, ഫാ. ജേക്കബ് നടയിൽ, ബിബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഫാ. എം.ഐ. തോമസ് മറ്റത്തിൽ സത്യവിശ്വാസപ്രതിജ്ഞ ചൊല്ലികൊടുത്തു. വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ ഫാ. എബി കുറിച്ചിമല, ഡീക്കൻ തോമസ് കൈയാന്തറ, ഫാ. കുര്യൻ മാത്യു, ഫാ. ടിജു വർഗീസ്, ഫാ. ഗീവർഗീസ് നടുമുറി, അനീഷ് ഗ്രാമറ്റം, തോമസ് കെ. ഇട്ടി കോർഎപ്പിസ്‌കോപ്പ, മാത്യൂസ് കോർ എപ്പിസ്‌കോപ്പ കാവുങ്കൽ, പോൾസൺ സി. പീറ്റർ, സിസി ബോബി, റോയി ജോൺ ഇടന്തറ, ഫാ. അജീഷ് പുന്നൻ, കുര്യൻ കോർഎപ്പിസ്‌കോപ്പ മാലിയിൽ, ഫാ. മാത്യു എം. ബാബു എന്നിവരും പ്രസംഗിച്ചു.