വൈക്കം: ശക്തമായി പെയ്ത മഴയോടെപ്പം വന്ന ഇടിമിന്നലേറ്റ് വീടിന്റെ ജനൽ കത്തി നശിക്കുകയും വീടിന്റെ ഭിത്തിക്ക് വിള്ളൽ വീണ് തകരുകയും ചെയ്തു. ഉദയനാപുരം അക്കരപ്പാടം പത്തിച്ചിറ ശിവന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് 7.30 ഓടെ മിന്നലേറ്റ് കനത്ത നാശം സംഭവിച്ചത്.വീട്ടിലെവൈദ്യുതി മീറ്ററും കത്തി നശിച്ചതോടെ വൈദ്യുതി ബന്ധവും നിലച്ചു. അപകടസമയത്ത് ശിവന്റെ കിടപ്പു രോഗിയായ മാതാവ് വീട്ടിലുണ്ടായിരുന്നു.ഇവർ കിടക്കുന്ന മുറിക്ക് സമീപമുള്ള ജനലാണ് കത്തിനശിച്ചത്. ഇടിമിന്നലേറ്റ് ജനൽ കത്തുന്നത് കണ്ട് ശിവന്റെ ഭാര്യ സതി മക്കളായ ശ്രീഹരി, ശിവ ഹരി എന്നിവർ ഇവരെ ഉടൻ സമീപത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിജി വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു.