ചങ്ങനാശേരി: താലൂക്ക് വികസന സമിതി യോഗത്തിൽ ഫുഡ് സേഫ്ടി വിഭാഗത്തിനെതിരെ വ്യാപക പരാതി ഉയർന്നു. താലൂക്കിലെ വിവിധ കടകളിൽ പരിശോധനകൾ നടക്കുന്നില്ലെന്നാണ് ആക്ഷേപം . ആഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ കടകളിലെ വെള്ളം പരിശോധിക്കണമെന്ന് സമിതി യോഗത്തിൽ തീരുമാനം എടുത്തെങ്കിലും ഇത് നടപ്പാക്കിയില്ല .യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ എടുത്ത തുടർ നടപടികളെ കുറിച്ച് വിശദീകരണം നൽകാൻ പോലും ഉദ്യോഗസ്ഥൻ യോഗത്തിൽ പങ്കെടുത്തില്ല. വ്യാപാരസ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത ഉടമകൾക്ക് നോട്ടീസ് നൽകണമെന്ന യോഗ തീരുമാനം സപ്ലൈ ഓഫീസിൽ നിന്നും നടപ്പാക്കാത്തതിനെതിരെയും പരാതി ഉയർന്നു. 2019 ലെ വെള്ളപ്പൊക്കത്തിൽ 30 ശതമാനത്തിലധികം കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നൽകേണ്ട നഷ്ടപരിഹാരം തുകയ്ക്ക് അർഹരായവരുടെ പട്ടിക വില്ലേജ് ഓഫീസിൽ പ്രദർശിപ്പിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും തഹസിൽദാർ യോഗത്തിൽ അറിയിച്ചു. റവന്യൂ ടവറിന്റെ ഗേറ്റുകൾ രാത്രി ഏഴിന് അടച്ചു പൂട്ടുന്നതിനും നിർദ്ദേശം നൽകി.