കോട്ടയം: വയോധികരെയും വിധവകളെയും കരുവാക്കിക്കൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി സൂചന. പലതും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത് കാണാമറയത്തേയ്ക്ക് മടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നിരാശ്രയരും അവശരുമായവരെ തിരിഞ്ഞു പിടിച്ചാണ് പലരും തട്ടിപ്പിനിരയാക്കുന്നത്.
എഴുത്തിമൂന്നുകാരിയായ വിധവയിൽ നിന്ന് 1,500 രൂപയും ഒന്നര ഗ്രാം സ്വർണമോതിരവുമായി മുങ്ങിയ യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ വലയിൽ അകപ്പെട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശി വട്ടകപ്പാറ തൈപ്പറമ്പിൽ ഷഫീഖ് (34) ആണ് പിടിയിലായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഷഫീക്ക് ചിറ്റാറിലെത്തിയത്. വീടും പരിസരവും നന്നായിട്ട് വീക്ഷിച്ച ശേഷമാണ് അകത്തേയ്ക്ക് കയറിയത്. പ്രതീക്ഷിച്ച പോലെ തന്നെ വിധവയായ സരോജിനിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കയറിച്ചെന്നപാടേ, വിധവകൾക്കുള്ള ആനുകൂല്യമായ രണ്ടര ലക്ഷം രൂപ സരോജനിക്ക് ലഭിച്ചിട്ടുണ്ടെന്ന 'സന്തോഷവാർത്ത' അറിയിച്ചു. ഇതോടെ സരോജിനിയും സന്തോഷത്തിലായി. വയോധികയായ സരോജനി പതുക്കെ നടന്ന് അടുക്കളയിലെത്തി കാപ്പി അനത്തിക്കൊടുത്തു.
അതുകുടിച്ചിട്ട് ഷഫീഖ് 'കാര്യത്തിലേയ്ക്ക് ' കടന്നു. ഉപഭോക്തൃ വിഹിതമായ 4,500 രൂപ അടയ്ക്കണമെന്നും ഇല്ലെങ്കിൽ രണ്ടര ലക്ഷം ലഭിക്കില്ലെന്നും പറഞ്ഞു. ആകെ 1,500 രൂപ മാത്രമേ കൈയ്യിലുള്ളുവെന്ന് സരോജിനി വിഷമത്തോടെ പറഞ്ഞു. തുടർന്ന്, തലയിണക്കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം എടുത്തുകൊണ്ട് കൊടുക്കുകയും ചെയ്തു. താലി മാല ഇല്ലേയെന്നായി അടുത്ത ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ വിരലിൽ കിടന്ന ഒന്നര ഗ്രാമിന്റെ മോതിരത്തിലായി നോട്ടം. അതോടെ അതും സരോജിനി ഊരിക്കൊടുത്തു. പണം അടുത്തയാഴ്ച പോസ്റ്റ് ഓഫീസിൽ എത്തുമെന്നും ചെന്ന് വാങ്ങിയാൽ മതിയെന്നും പറഞ്ഞ് ഷഫീഖ് യാത്രപറഞ്ഞ് പുറത്തിയപ്പോൾ ചാറ്റമഴ. അപ്പോഴാണ് ഉമ്മറത്ത് വച്ചിരുന്ന സരോജിനിയുടെ പുതിയ കുട കണ്ടത്. പിന്നീട് ഒട്ടും താമസിച്ചില്ല, കുടയും നിവർത്തിപ്പിച്ച് മുറ്റത്തിറങ്ങി 'അന്തസ്സോടെ' ഒറ്റ നടത്തം! രണ്ടര ലക്ഷത്തിന്റെ ഭാഗ്യം കൊണ്ടുതന്ന ആ ചെറുപ്പകാരനെ വയോധികയും കണ്ണിമയ്ക്കാതെ നോക്കി നിന്നു, സ്വന്തം മകനെപ്പോലെ....
തനിക്ക് വരാൻ പോകുന്ന സൗഭാഗ്യത്തെക്കുറിച്ച് ആലോചിച്ചപ്പോൾ സരോജിനിക്ക് അടങ്ങിയിരിക്കാനായില്ല. അനാരോഗ്യം മറന്ന് അവർ ഊന്നുവടിയുമെടുത്ത് അടുത്ത വീട്ടിലെത്തി വീടുകയറിവന്ന വിശേഷത്തെക്കുറിച്ച് പറഞ്ഞു. ഇവിടെയും അയാൾ വന്നിരുന്നുവെന്നും മരുമകൾ ഉണ്ടായിരുന്നതിനാൽ പണം കൊടുത്തില്ലെന്നും തട്ടിപ്പാണെന്ന് സംശയമുണ്ടെന്നും പറഞ്ഞതോടെ സരോജിനിക്ക് ആധിയായി. ഇതിനിടെ ബന്ധുക്കൾ അധികൃതരുമായി മൊബൈലിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതോടെ കള്ളിവെളിച്ചത്താകുകയായിരുന്നു.
ഇതോടെ സരോജിനി ചിറ്റാർ പൊലീസിൽ പരാതിപ്പെട്ടു. ചിറ്റാർ സി.ഐ ടി.ബിജു അന്വേഷണവും ആരംഭിച്ചു. കടകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതനായ ഒരാൾ ടൗണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു പൊലീസുകാരൻ തട്ടിപ്പുവീരനായ ഷഫീഖിനെ തിരിച്ചറിയുകയും ചെയ്തു. പിന്നെ താമസിച്ചില്ല. ഷഫീഖിനെ പൊലീസ് പൊക്കി. സരോജിനിയുടെ ഒന്നര ഗ്രാമിന്റെ മോതിരം ഇയാളുടെ പഴ്സിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
അളവിന് വളവാങ്ങിയവർ ആള് മരിച്ചിട്ടും തിരികെവന്നില്ല
കോട്ടയം ജനറൽ ആശുപത്രിയാണ് തട്ടിപ്പുകാരുടെ മറ്റൊരു താവളം. സ്കാനിംഗിനും മറ്റും ആശുപത്രിയിലെത്തുന്ന വയോധികരെയാണ് ഇക്കൂട്ടർ പ്രധാനമായും തട്ടിപ്പിനിരയാക്കുന്നത്. നാല് സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് ജനറൽ ആശുപത്രിയിൽ മാത്രം അടുത്തയിടെ കവർന്നത്. ഇതിൽ ഒരാളെ മാത്രമേ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടുള്ളു. പത്രം വിതരണക്കാരിയായ തങ്കമ്മയ്ക്ക് നഷ്ടമായത് ഒന്നരപ്പവന്റെ രണ്ട് വളകളാണ്. വയോധികയായ തങ്കമ്മയുമായി പരിചയം പുതുക്കിയ ശേഷം കൈയിൽ അണിഞ്ഞിരുന്ന വളയുടെ ഫാഷന നല്ലതാണെന്ന് പറഞ്ഞു. തുടർന്ന് മകളുടെ വിവാഹം ശരിയായെന്നും സ്വർണം എടുക്കാൻ ജുവലറിയിൽ ഭാര്യയും മകളും നില്ക്കുകയാണെന്നും ചേച്ചിയുടെ വളയുടെ മാതൃകയിലുള്ള വള അവരെ കാണിക്കാനായി ഊരിതരാമോയെന്ന് ചോദിച്ചു. പരിചയക്കാരനായതുകൊണ്ട് അവർകൊടുക്കുകയും ചെയ്തു.പത്തു മിനിറ്റിനുള്ളിൽ എത്താം എന്നുപറഞ്ഞു പോയ യുവാവ് തങ്കമ്മ മരിച്ച് മാസങ്ങളായിട്ടും ഇതുവരെ തിരികെവന്നിട്ടില്ല. പൊലീസിനൊട്ട് കണ്ടുപടിക്കാനും കഴിഞ്ഞില്ല.