കോട്ടയം: വഴിനിറയെ മാലിന്യം! വർഷങ്ങളായി തീയേറ്റർ റോഡിന്റെ അവസ്ഥയാണിത്. തീയേറ്റർ റോഡിൽ മാലിന്യത്തിനൊപ്പം മറ്റൊരു ദുരിതം കൂടി കാൽനടയാത്രക്കാർക്ക് വിനയായിരിക്കുകയാണ്.

റോഡിന് കുറുകെ ഒരു വൈദ്യുത പോസ്റ്റ്. വഴിയടഞ്ഞതോടെ കാൽനടയാത്രക്കാർ ശരിക്കും പോസ്‌റ്റായിരിക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഉപയോഗശൂന്യമായ വൈദ്യുതി പോസ്റ്റിന്റെ ഒരുഭാഗം റോഡിലേക്ക് വീണത്. പലരും അധികൃതരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വഴിയടഞ്ഞതോടെ പെട്ടുപോയത് വൃദ്ധരടക്കമുള്ള യാത്രക്കാരാണ്. പോസ്റ്റ് ചാടിക്കടക്കാതെ റോഡിലൂടെ ഒരടി മുന്നോട്ടുപോകാൻ കഴിയില്ല. ഇതിന് സമീപത്തായി മറ്റൊരു കോൺക്രീറ്ര് തൂണും റോഡിലേക്ക് നിലംപൊത്താം എന്ന അവസ്ഥയിൽ ചായ്ഞ്ഞു നിൽപ്പുണ്ട്. ഇതു കഴിഞ്ഞാൽ കുത്തിറക്കത്തിലുള്ള പടിക്കെട്ടുകളാണ്. കോട്ടയം മാർക്കറ്റിലേയ്ക്കും സമീപത്തെ സ്ഥാപനങ്ങളിലേയ്ക്കും നിരവധി യാത്രക്കാരാണ് തീയേറ്റർ റോഡിലൂടെ എത്തുന്നത്. ഈ സാഹചര്യത്തിൽ കോൺക്രീറ്റ് തൂൺ നിലംപൊത്തിയാൽ വലിയ അപകടസാധ്യതയും നിലനിൽക്കുന്നു.

മാലിന്യക്കൂമ്പാരം

തീയേറ്റർ റോഡിൽ മാലിന്യം തള്ളുന്നത് പതിവ് സംഭവമാണ്. ഇതിനെതിരെ പല തവണ പരാതി ഉയർന്നിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ഹോട്ടൽ മാലിന്യം ഉൾപ്പെടെ ഇവിടെയാണ് തള്ളുന്നത്. ട്രാൻസ് പോർട്ട് ‌ഡിപ്പോയിലെ കക്കൂസ് മാലിന്യം റോഡിൽ പരന്നൊഴുകുന്നതും യാത്രക്കാർക്ക് ഇരട്ടിദുരിതമാണ് നൽകുന്നത്.