p-sreeramakrishnan
P SREERAMAKRISHNAN

കോട്ടയം: കേരളാ കോൺഗ്രസ്(എം)നിയമസഭാകക്ഷി നേതാവായി പി.ജെ.ജോസഫിനെ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകി .

നവംബർ ഒന്നിന് ജോസഫ് വിളിച്ച പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടിയിലെ അഞ്ച് എം.എൽ.എ മാരിൽ ജോസഫ് പക്ഷത്തുള്ള മൂന്ന് പേർ ചേർന്നാണ് .ജോസഫിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സി.എഫ്.തോമസിനെ ഡെപ്യൂട്ടി ലീഡറായും മോൻസ് ജോസഫിനെ ചീഫ് വിപ്പായും തിരഞ്ഞെടുത്തിരുന്നു. നോട്ടീസ് നൽകിയിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്ന എൻ.ജയരാജ് എം.എൽ. എയാണ് ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായിട്ടാണെന്നാരോപിച്ചുള്ള കത്ത് സ്പീക്കർക്കു നൽകിയത്. പാർട്ടി തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റ തീർപ്പു വരും വരെ ഇത് അംഗീകരിക്കരുതെന്നാണ് ആവശ്യം.

കെ.എം. മാണിയുടെ മരണത്തെ തുടർന്ന് പാർലമെന്ററി പാർട്ടി ലീഡറുടെ ഒഴിവ് നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. റോഷി അഗസ്റ്റിൻ എം എൽ എയെ നിയമസഭാ വിപ്പായി തെരഞ്ഞടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്. . റോഷിയെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. ചെയർമാന്റെ സ്ഥിരം ഒഴിവുള്ളപ്പോൾ വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ല. രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തിരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ തത് സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ സ്പീക്കർക്ക് കത്തു നൽകിയിരുന്നു .ഇതിന് വിരുദ്ധമായി ജോസഫ് സ്വയം വിളിച്ചു ചേർത്ത യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി സ്വയം അവരോധിതനായതാണെന്നും കത്തിൽ പറയുന്നു.

ചെയർമാനായിരുന്ന കെ. എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനായ തനിക്കാണെന്നും കോടതിവിധി ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നുമാണ് ജോസഫിന്റെ വാദം.