തലയോലപ്പറമ്പ്: ഇഷ്ടിക നിർമ്മാണത്തിനായി പാടത്ത് എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുളക്കുളം വൈപ്പേൽ മനോഹരൻ (57) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 7 മണിയോടെ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിൽ കാക്കത്തുരുത്തിന് പടിഞ്ഞാറ് വശത്ത് ഇഷ്ടിക കളത്തിനായി തീർത്ത കുഴിക്ക് സമീപം വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോയ ഇയാൾ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ചെറു വള്ളവും വലയും ചെരുപ്പും മറ്റും ഇഷ്ടിക കളത്തിലെ കുഴിക്ക് സമീപം ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വെള്ളൂർ പൊലീസും പിറവത്ത് നിന്നെത്തിയ ഫയർഫോഴ്‌സും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കാൻ ഇരിക്കുന്നതിനിടെയാണ് വെള്ളക്കെട്ടിൽ മൃതദേഹം പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വെള്ളൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: പ്രീതി. മക്കൾ: പ്രവീൺ, പ്രമീഷ് (പത്താം ക്ലാസ് വിദ്യാർത്ഥി എം.കെ.എം സ്‌കൂൾ പിറവം). സംസ്‌ക്കാരം നടത്തി.