തലയോലപ്പറമ്പ്: റോഡുകൾ തകർന്നതിനെ തുടർന്ന് ഗതാഗതം സാദ്ധ്യമല്ലാതെ ജനജീവിതം വഴിമുട്ടിയതിന് പിന്നാലെ വെള്ളൂരിലെ ജനങ്ങളുടെ കുടിവെള്ളവും മുട്ടുകയാണ്. വെള്ളൂർ മടത്തേടം, ചന്ദ്രാമല, ഇറുമ്പയം, വടകര, വരിക്കാംകുന്ന്, നീർപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളമെത്തിച്ചിരുന്നത് വെള്ളൂർന്യൂസ് പ്രിന്റ് ഫാക്ടറിയായിരുന്നു. കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ ഭൂരിഭാഗം സ്ഥലത്തേയ്ക്കുമുള്ള കുടിവെള്ള വിതരണവും നാളുകളായി നിലച്ചു. സമീപ പഞ്ചായത്തിൽ നിന്നും മറ്റും വാഹനങ്ങളിൽ പോയി വീടുകളിലെ കിണറുകളിൽ വെള്ളംശേഖരിച്ചാണ് നിർദ്ധന കുടുംബങ്ങൾ ഇപ്പോൾ ഗാർഹികാവശ്യങ്ങൾ നിർവഹിക്കുന്നത്. വേനലെത്തുമ്പോൾ കിണർ വറ്റിവരളുന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. കുടിവെള്ളം ലദ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.