കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡൊമോക്രാറ്റിക് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നടത്തിയ പണിമുടക്കിന് മറ്റു യൂണിയനുകളും അനുഭാവം പ്രകടിപ്പിച്ചപ്പോൾ സർവീസുകൾ താറുമാറായി. ഒക്‌ടോബറിലെ ശമ്പളം ലഭിക്കാത്തതിനെത്തുടർന്നാണ് മറ്റ് സംഘടനയിൽപ്പെട്ട ജീവനക്കാരും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചത്. സമരത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് വരുമാനത്തിൽ വൻ ഇടിവാണുണ്ടായത്.
ജില്ലയിൽ ഇന്നലെ 230 സർവീസുകളാണ് മുടങ്ങിയത്. കിഴക്കൻ റൂട്ടുകളിലേയ്ക്കുള്ള ഭൂരിഭാഗം ബസുകളും സർവീസ് നടത്തിയില്ല. കോട്ടയത്ത് നിന്ന് കുമളി, കട്ടപ്പന, തിരുവനന്തപുരം, തൃശൂർ,ചേർത്തല റൂട്ടുകളിലെല്ലാം സർവീസ് മുടങ്ങി. ശമ്പളവിതരണ പ്രതിസന്ധി പരിഹരിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
വൈക്കം ഡിപ്പോ കാര്യക്ഷമായി സർവീസ് നടത്തി. 47 എണ്ണത്തിൽ രണ്ടെണ്ണം മാത്രമാണ് മുടങ്ങിയത്. 69 സർവീസുകളുള്ള പാലാ ഡിപ്പോയിൽ നിന്ന് പാലാ-തൊടുപുഴ- 6, ഹൈക്കോടതി -1, തിരുവനന്തപുരം -1, എന്നങ്ങനെയാണ് സർവീസ് നടത്തിയത്. എരുമേലി ഡിപ്പോയിൽ നിന്ന് രണ്ടു സർവീസ് മാത്രം ഓപ്പറേറ്റ് ചെയ്തു.
മുടങ്ങിയ സർവീസുകൾ
കോട്ടയം -17,
ചങ്ങനാശേരി -47,
വൈക്കം -രണ്ട്
എരുമേലി -26,
പാലാ -61
ഈരാറ്റുപേട്ട -38,
പൊൻകുന്നം -26