കോട്ടയം: മിലിട്ടറിയിലേയ്ക്കുള്ള റിക്രൂട്ട്മെന്റെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങി സെലക്ഷൻ റാലി നടത്തി ട്രെയിനിംഗ് നൽകുന്ന സ്ഥാപനങ്ങൾ ജില്ലയിൽ സജീവം. മിലിട്ടറിയിൽ വിവിധ തസ്തികകളിയേക്കുള്ള പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗാണ് ഇത്തരക്കാർ നൽകുന്നതെങ്കിലും പണം നൽകിയാൽ ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്യാൻവാസിംഗ്. കഴിഞ്ഞ ദിവസം പാലായിലെ വിവിധ സ്കൂളുകളിൽ കോട്ടയത്തുള്ള ഏജൻസിയും നിരവധി വിദ്യാർത്ഥികളെ ഇത്തരത്തിൽ സെലക്ഷൻ റാലിയിൽ പങ്കെടുപ്പിച്ചു.

രജിസ്ട്രേഷനും ഓഫീസ് സംവിധാനവും അടക്കം പ്രത്യക്ഷത്തിൽ നിയമം പാലിച്ചാണ് ഇവരുടെ പ്രവർത്തനമെങ്കിലും ക്യാൻവാസിംഗിൽ വീഴുമ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഏജന്റുമാർ ഏതെങ്കിലും മിലിട്ടറി ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തും. മിലിട്ടറിയിലേയ്ക്ക് ജോലിക്കുള്ള സെലക്ഷൻ ക്യാമ്പ് എന്നാണ് പറയുക. 15,500 രൂപയാണ് ഫീസ്. സ്ഥാപനത്തിന്റെ ലെറ്റർ പാഡിൽ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്കെന്ന പേരിൽ വിശദമായ നടപടിക്രമവുമുണ്ട്. പാവപ്പെട്ട മാതാപിതാക്കൾ ഒറ്റ നോട്ടത്തിൽ കരുതുക പണം അടച്ചാൽ മിലിട്ടറിയിൽ ജോലി ലഭിക്കുമെന്നാണ്. കാര്യമറിയാതെ പണം അടച്ച് കുട്ടികളെ ചേർക്കുമ്പോഴാണ് ജോലിയല്ല, പകരം പരിശീലനമാണ് നൽകുന്നതെന്ന് അറിയുക.

ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് ആയിരത്തോളം പേരാണ് കഴിഞ്ഞ ദിവസം കോട്ടയം, കിടങ്ങൂർ‌, പാലാ ഭാഗങ്ങളിലായി നടന്ന 'റിക്രൂട്ട്മെന്റിൽ' പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെടുന്നവർ യൂണിഫോമിനുള്ള പണവും നൽകണം. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയാണ്.

തെറ്റിദ്ധരിപ്പിക്കുന്നത്

 മിലിട്ടറിയിൽ ജോലിയെന്ന് പറഞ്ഞ് സ്കൂളുകളിൽ ക്യാൻവാസിംഗ്

 ആദ്യ 80പേർക്കാണ് അവസരമെന്ന് ബ്രോഷറിൽ അവകാശപ്പെടും

 ഏതെങ്കിലും സ്കൂളിൽ വിശാലമായ സെലക്ഷൻ റാലി നടത്തും

 റാലിക്കെത്തുമ്പോൾ സർട്ടിഫിക്കറ്റും ഫോട്ടോയും കൊണ്ടുവരണം

 വിമുക്തഭടന്റെ മക്കൾക്കും എൻ.സി.സിക്കാർക്കും മറ്റും മുൻഗണന

''പാലാ, ചേർപ്പുങ്കൽ ഭാഗങ്ങളിലെ വിവിധ സ്കൂളുകളിൽ കഴിഞ്ഞ ആഴ്ച ഇവരെത്തി മിലിട്ടറിയിലേയ്ക്കുള്ള സെലക്ഷൻ റാലിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. ഞായറാഴ്ച കിടങ്ങൂർ സെന്റ് മേരീസ് സ്കൂളിലായിരുന്നു ക്യാമ്പ്. കായിക ക്ഷമതാ പരിശോധനയടക്കം കഴിഞ്ഞ ശേഷം മീറ്റിംഗുമുണ്ടായിരുന്നു. 15500 രൂപ കൊടുത്താൽ ജോലി ലഭിക്കുമെന്ന് പറഞ്ഞു. പല മാതാപിതാക്കളും ഇതു സംഘടിപ്പിച്ച് കൊടുക്കുന്നതു കണ്ടു.

- ജോഷി, രക്ഷിതാവ്

ജില്ലയിൽ

10 ഏജൻസികളെന്ന്

സ്പെഷ്യൽ ബ്രാഞ്ച്

'' സ്കൂളുകളിൽ ഏതെങ്കിലും ഏജൻസികൾക്ക് കുട്ടികളെ ക്യാൻവാസ് ചെയ്യാൻ അനുവാദമില്ല. എന്താണുണ്ടായതെന്ന് പരിശോധിക്കും''

- ടി.കെ. അജിത കുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ