ചങ്ങനാശേരി: മുൻഗണനേതര, സബ്സിഡി ഇല്ലാത്ത വെള്ള കാർഡ് ഉടമകൾക്കു നൽകിവന്ന അരി വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു കിലോയും ബാക്കി ജില്ലകളിൽ 5 കിലോയുമാണ് നവംബർ മാസവിഹിതം.
സെപ്തംബറിൽ പത്തുകിലോയും ഒക്ടോബറിൽ 7 കിലോയും വിതരണം ചെയ്തിടത്താണ് ഈ മാസം അരിവിഹിതം കുത്തനെ വെട്ടിക്കുറച്ചത്. ജില്ലകൾക്കു ലഭ്യമായ സ്റ്റോക്കിന്റേയും ആവശ്യകതയുടേയും അടിസ്ഥാനത്തിൽ ആട്ടയുടെ വിതരണ തോത് 2 അല്ലെങ്കിൽ 3 കി.ഗ്രാം എന്നും സിവിൽ സപ്ലൈസ് ഡയറക്ടർ ഇറക്കിയ ഉത്തരവിലുണ്ട്. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സൈരാ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷൈനി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ ജ്യോതി അജിമോൻ , ലേഖാ ഗോപിനാഥ് , ലളിത കെ, സെക്രട്ടറിമാരായ ജൂലി സുരേഷ് , ചന്ദ്രിക എസ്. , സിന്ധു രതീഷ് , സിന്ധു എസ് എന്നിവർ പങ്കെടുത്തു. റേഷൻ ഡീലേഴ്സ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.