എരുമേലി : ദേശീയ പാതാ വിഭാഗം ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിൽ ടാർ ചെയ്ത് മണിക്കൂറുകൾക്കകം ശബരിമല പാതയിലെ പ്രധാനറോഡായ എരുമേലി ടൗണിൽ ജല അതോറിട്ടി ഉദ്യോഗസ്ഥർ എത്തി ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. ശബരിമല മുന്നൊരുക്കയോഗം കഴിഞ്ഞ് മന്ത്രിയും ഉദ്യോഗസ്ഥരും മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വെട്ടിപ്പൊളിക്കൽ. പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ മാസങ്ങളായി ജലവിതരണക്കുഴൽ പൊട്ടി വെള്ളം ഒലിച്ചിരുന്ന ഭാഗത്ത് തകരാറ് പരിഹരിക്കാനാണ് റോഡ് കുഴിച്ചതെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ പൈപ്പ് പൊട്ടിയത് പരിഹരിക്കുന്നതിന്‌ റോഡ് വെട്ടിപ്പൊളിക്കാൻ ദേശീയ പാതാ വിഭാഗം നേരത്തെ അനുമതി നൽകിയിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അനുമതി കിട്ടിയത്. അപ്പോഴേക്കും റോഡ് ടാർ ചെയ്യുകയും ചെയ്തു. പൊളിച്ച ഭാഗത്ത് ടാർ ചെയ്യുന്നതിന്റെ ചെലവ് ജല അതോറിട്ടി വഹിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ജല അതോറിട്ടി പറയുന്നതിന് വിരുദ്ധമായാണ്‌ ദേശീയ പാതാ വിഭാഗം പറയുന്നത്. റോഡ് പൊളിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ജല അതോറിറ്റി സമീപിച്ചിരുന്നില്ലെന്നും അനുമതിക്ക് അപേക്ഷ നൽകേണ്ടത് ഓൺലൈൻ ആയി ദേശീയ പാതാ വിഭാഗത്തിന്റെ തിരുവനന്തപുരം കേന്ദ്ര ഓഫീസിലാണെന്നും കഴിഞ്ഞയിടെ എരുമേലിയിൽ നടന്ന ശബരിമല മുന്നൊരുക്കയോഗത്തിൽ ഈ വിഷയം ജല അതോറിട്ടി ഉന്നയിച്ചപ്പോൾ അറിയിച്ചതാണെന്നും ദേശീയ പാതാ വിഭാഗം പറയുന്നു. നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിൽ റോഡ് ടാർ ചെയ്യുന്നതിന് മുമ്പ് അനുമതി ലഭിക്കുകയും ജല അതോറിട്ടിക്ക് റോഡ് പൊളിച്ച് പൈപ്പ് പൊട്ടൽ പരിഹരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ ഇതിന് കഴിയാതെ വന്നതോടെ വീണ്ടും ടാർ ചെയ്യുന്നതിന് ഫണ്ട് ചെലവിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൈപ്പ് പൊട്ടാനുള്ള സാദ്ധ്യത കൂടും. ഇവിടെ തുടർച്ചയായി പൈപ്പ് പൊട്ടി ജലവിതരണം തകരാറിലാവുകയും റോഡിൽ കുഴി രൂപപ്പെടുന്നതുമാണ്. കഴിഞ്ഞയിടെ റോഡിൽ രൂപപ്പെട്ട കുഴികൾ പൊലീസിന്റെ നേതൃത്വത്തിൽ നികത്തിയതോടെയാണ് അപകടങ്ങൾ കുറയ്ക്കാനായത്.

 വകുപ്പുകൾ തമ്മിൽ ഏകോപനമില്ല ?

വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാവുകയും ശബരിമല സീസൺ വരെ കാത്തുനിൽക്കാതെ യഥാസമയം പൈപ്പ് പൊട്ടൽ പരിഹരിക്കുകയും ചെയ്തിരുന്നെങ്കിൽറോഡിന്റെ സ്ഥിതി ശോചനീയമാകില്ലായിരുന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇളപ്പുങ്കൽ ജംഗ്ഷൻ ഉൾപ്പെടെ പൈപ്പ് പൊട്ടൽ മൂലം ഒട്ടേറെ സ്ഥലങ്ങളിലാണ്‌റോഡിൽ അപകടക്കുഴികൾ ഉള്ളത്.

 ജല അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്

പൈപ്പ് പൊട്ടിയത് പരിഹരിക്കുന്നതിന്‌ റോഡ് വെട്ടിപ്പൊളിക്കാൻ ദേശീയ പാതാ വിഭാഗം നേരത്തെ അനുമതി നൽകിയിരുന്നില്ല