എരുമേലി : എരുമേലി സർക്കാർ അതിഥി മന്ദിരത്തിന്റെ പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഒപ്പം പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ഇരുമ്പ് നിർമിത മേൽക്കൂര സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. പാർക്കിംഗ് ഷെഡ് പൊളിച്ചുമാറ്റി പഴയ കെട്ടിടത്തിനോട് ചേർന്നാണ് പുതിയ ഇരുനില മന്ദിരം 410 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നിർമിക്കുക. പുതിയ കെട്ടിടത്തിൽ വി.ഐ.പി അതിഥികൾക്കായി രണ്ട് മുറികളുണ്ടാകുമെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. ഇത് കൂടാതെ നാല് മുറികളും ഹാളും ഡൈനിംഗ് ഹാളും അടുക്കളയും വരാന്തയും റിസപ്ഷൻ മുറിയും ഉണ്ടാകും. പരേതനായ അഡ്വ. പി.ആർ. രാജഗോപാൽ എരുമേലി വികസന സമിതി ചെയർമാനായിരിക്കെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് റസ്റ്റ് ഹൗസിനായി അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്ഥലം സർക്കാരിന് നൽകിയത്. തുടർന്ന് പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിന് സ്ഥലം കൈമാറി 30 വർഷം മുമ്പ് അതിഥി മന്ദിരം നിർമിക്കുകയായിരുന്നു. നിലവിൽ പഴയ കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമാണ്. നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നതിന് തീയതി പ്രഖ്യാപിച്ച് നോട്ടീസ് തയ്യാറാക്കിയിരുന്നെങ്കിലും പാലാ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നതോടെ അത് ഉപേക്ഷിച്ചിരുന്നു.