കുറിച്ചി : കുറിച്ചി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ശങ്കരപുരം റെയിൽവേ മേൽപ്പാലത്തിന്റെ പണി അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് പാലം പൊളിച്ച് പണിയാൻ ആരംഭിച്ചത്. ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയ്ക്ക് ഈ ഒരു മേൽപ്പാലം പണി മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. കുറെ മാസങ്ങളായി നിലച്ച് കിടന്നിരുന്ന പണികൾ വീണ്ടും ആരംഭിച്ച് ധൃതഗതിയിൽ മുന്നേറുകയായിരുന്നു. പഴയ കരാറുകാരനെ നീക്കി പുതിയ കരാറുകാരന് നൽകിയാണ് പണികൾ നടന്നിരുന്നത്.എന്നാൽ ഇപ്പോൾ വീണ്ടും സങ്കേതിക തടസ്സങ്ങളുടെ പേരിൽ പണികൾ തടസപ്പെട്ടു. പ്രധാന വാർക്കയും, അപ്രോച്ച് റോഡ് നിർമ്മാണവും അണ് ഇനി നടക്കാനുള്ളത്. കുറിച്ചി പഞ്ചായത്ത് ഓഫീസ്, വില്ലേജാഫീസ്, പള്ളി, ശങ്കരപുരം ക്ഷേത്രം എന്നിങ്ങനെ പല പ്രധാന കേന്ദ്രങ്ങളിലും ജനങ്ങൾക്ക് എത്താനാവാത്ത സ്ഥിതിയാണ് പാലം പൊളിച്ചിരിക്കുന്നതിലൂടെ സംഭവിക്കുന്നത്. ജനങ്ങൾക്ക് തീരാദുരിതം തീർത്തിരിക്കുന്ന ഈ നിർമ്മാണ പ്രവർത്തനം ഇനിയും വൈകിപ്പിക്കാതെ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റെയിൽവേ അധികൃതരും ഉത്തരവാദിത്വപ്പെട്ടവരും ഇടപെട്ട് നിർമ്മാണം പൂർത്തീകരിക്കണം -- ബി.ആർ. മഞ്ജീഷ്, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി