arrest

പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൺ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്ന നാല് പേരിൽ മൂന്നു പേർ ഇന്നലെ കീഴടങ്ങി. മത്സരം നിയന്ത്രിച്ചിരുന്ന റഫറി മുഹമ്മദ് കാസീം, ത്രോ ജഡ്ജി ടി.ഡി. മാർട്ടിൻ, സിഗ്നൽ ഒഫിഷ്യൽ കെ.വി. ജോസഫ് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പാലാ പൊലീസ് രേഖപ്പെടുത്തി. സിഗ്നൽ ഒഫിഷ്യലായിരുന്ന നാരായണൻകുട്ടിയാണ് ഇനി കീഴടങ്ങാനുള്ളത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 304(എ) വകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. മൂന്നു പേരെയും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.

ഒക്ടോബർ 4നാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജാവലിൻ മത്സരങ്ങളുടെ ഫീൽഡ് വോളന്റിയറായിരുന്ന അഫീലിന്റെ തലയിലേക്ക് മത്സരത്തിനിടെ എറിഞ്ഞ 3 കി.ഗ്രാം ഭാരമുള്ള ഹാമർ പതിച്ച് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫീൽ പതിനേഴാം ദിവസം മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് അഫീലിന്റെ പിതാവ് ജോൺസൺ ജോർജ്, മാതാവ് ഡാർളി എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കായിക വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു.