കോട്ടയം: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി നഗരവാസികളുടെ കൂട്ടായ്മ. വിവിധ റസി. വെൽഫെയർ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ കോർത്തിണക്കി 'സ്വപ്നനഗരം' എന്നപേരിൽ ജനകീയ പോരാട്ടത്തിനൊരുങ്ങുന്നത്.
മാലിന്യമുക്തമായ ചുറ്റുപാടിൽ ജീവിക്കുക എന്ന പൗരാവകാശസംരക്ഷണമാണ് കൂട്ടായ്മയുടെ പ്രഥമലക്ഷ്യമെന്ന് സ്വപ്നനഗരം അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക, ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് നഗരസഭയിൽ സമ്മർദ്ദം ചെലുത്തുകയെന്നതാണ് പ്രവർത്തനരീതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യചുമതലകൾ ഓർമിപ്പിക്കാൻ നഗരപാലിക നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചൂണ്ടിക്കാട്ടി മുനിസിപ്പൽ സെക്രട്ടറിക്കും, ജില്ലാ കളക്ടർക്കും ഇതിനോടകം നിവേദനം സമർപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
മുനിസിപ്പാലിറ്റിയുടെ വാർഷിക ബഡ്ജറ്റിൽ മാലിന്യസംസ്കരണത്തിന് വേണ്ടി വകയിരുത്തുന്ന കോടിക്കണക്കിന് രൂപയുടെ വിനിയോഗം സംശയത്തിന്റെ നിഴലിലാണെന്നും ഉറവിട മാലിന്യസംസ്കരണത്തിന് വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നുവെന്ന നഗരസഭയുടെ അവകാശവാദം പൊള്ളയാണെന്നുമാണ് നഗരവാസികളുടെ ആരോപണം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ചിലവൻകിട പദ്ധതികളും നോക്കുകുത്തിയായി. നഗരത്തിലെ പ്രധാനസ്ഥലങ്ങളിൽപോലും വർഷങ്ങളായി നീക്കം ചെയ്യാത്ത മാലിന്യകൂമ്പാരങ്ങളുണ്ട്. ഇവിടെ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം സമീപത്തെ ജലസ്രോതസുകളിൽ കലർന്നിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
നഗരസഭാപരിധിയിൽ തരിശുകിടക്കുന്ന ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ വിഷപാമ്പുകളുടെ സ്വൈര്യവിഹാരമാണ്. 45, 46, 25, 26, 27, 28 വാർഡുകളിൽ പാമ്പ്, കണ്ണട്ട, കീരി, ഉടുമ്പ് എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. ചതുപ്പുനിലങ്ങളിൽ ഖര-ദ്രവ്യ മാലിന്യത്തിന്റെ തോത് വൻതോതിൽ കുമിഞ്ഞുകൂടിയതോടെ പ്രദേശവാസികളിൽ കാൻസർ രോഗികളുടെ എണ്ണവും വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികൾ ഇത്രമേൽ രൂക്ഷമായിട്ടും അധികൃതർ അനങ്ങാപ്പാറനയം തുടരുന്നതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് നിയമ പോരാട്ടത്തിനിറങ്ങാനാണ് കൂട്ടായ്മയുടെ തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.
അടിയന്തിരയോഗം നാളെ
സ്വപ്നനഗരം പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ വൈകിട്ട് 4.30ന് പുളിനാക്കൽ സെന്റ് ജോൺസ് ബാപ്പിസ്റ്റ് ചർച്ച് ഹാളിൽ നഗരസഭാ പരിധിയിലെ താമസക്കാരുടെ യോഗം ചേരും. സമീപ പഞ്ചായത്തുകലിൽ നിന്നുള്ളവർക്കും യോഗത്തിൽ പങ്കെടുക്കാം. സ്വപ്നനഗരം അഡ്ഹോക് കമ്മിറ്റി ചെയർമാൻ അഡ്വ. സന്തോഷ് കണ്ടംചിറ അദ്ധ്യക്ഷത വഹിക്കും. ഗ്രീൻ ഫ്രട്ടേണിറ്റി പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ്, പള്ളിവികാരി ഫാ. അഗസ്റ്റിൻ മേച്ചേരി എന്നിവരും വിവിധ റസി. വെൽഫെയർ അസോസിയേഷൻ പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. ഭാവിപരിപാടികൾക്ക് ഓരോ വാർഡിൽ നിന്നും 15 അംഗങ്ങൾ വീതമുള്ള കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ളകാര്യങ്ങളാണ് യോഗത്തിന്റെ അജണ്ട.
'നഗരസഭയുടെ 52 വാർഡുകളും മാലിന്യമുക്തമാക്കുക, നല്ല റോഡുകളും ശുദ്ധമായ ജലശ്രോതസുകളും ശുദ്ധവായുവും ഉണ്ടാവുക എന്നതൊക്കെ ഏതൊരു പൗരനും അവകാശപ്പെട്ട കാര്യങ്ങളാണ്. കൊച്ചിനഗരത്തിലും, ഡൽഹിയിലുമൊക്കെ ഇന്ന് നാം കാണുന്നത് നാളെ അക്ഷരനഗരിക്കും ബാധകമാകും. ഈ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ എടുക്കുന്നതിന് അധികൃതർ നിയമം മറന്നുപോകുന്നുണ്ടെങ്കിൽ അവരെ അത് ഓർമപ്പെടുത്തേണ്ട ബാധ്യത ജനാധിപത്യസംവിധാനത്തിൽ ജനങ്ങൾക്കുള്ളതാണ്. ഇവിടെ കക്ഷിരാഷ്ട്രീയമല്ല, ജീവിതമാണ് പ്രശ്നം. അതുകൊണ്ട് രാഷ്ട്രീയത്തിനപ്പുറമുള്ളൊരു കൂട്ടായ്മരൂപീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. നാളെ നടക്കുന്ന യോഗത്തിൽ എല്ലാവരും പങ്കെടുത്ത് അഭിപ്രായങ്ങൾ തുറന്നുപറയുമെന്ന് പ്രതീക്ഷിക്കുന്നു'
:- ജെ.വി. ഫിലിപ്പ് കുട്ടി, സെക്രട്ടറി കല്ലുപുരയ്ക്കൽ റസി.വെൽഫെയർ അസോസിയേഷൻ, കോ-ഓർഡിനേറ്റർ 'സ്വപ്ന നഗരം'