പൊൻകുന്നം: അന്തർദേശീയ നിലവാരത്തിൽ നവീകരിച്ച പൊൻകുന്നം - പാലാ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
തിങ്കളാഴ്ച പൊൻകുന്നം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂരാലി ഇലവനാൽ വീട്ടിൽ സുഹറ (58) മരിച്ചിരുന്നു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു.
ഓട്ടോയിൽ ഇടിച്ച് കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിച്ചു. കാറിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പി.പി.റോഡ് അപകടരഹിതമാക്കാൻ നിരവധി പദ്ധതികൾ കഴിഞ്ഞ രണ്ടു വർഷമായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പായില്ല. രാത്രിയും പകലും വ്യക്തമായ ദൃശ്യങ്ങൾ പകർത്തി അമിതവേഗക്കാരെ കുടുക്കാൻ ലക്ഷ്യമിട്ട് നൈറ്റ് വിഷൻ കാമറ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം 1.62 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള ഭാഗത്ത് അപകടസാദ്ധ്യതയേറിയ ഇടങ്ങളിൽ കാമറ സ്ഥാപിക്കാനായിരുന്നു പദ്ധതി. അപകടമേഖലകളിൽ പഠനം നടത്തി നാറ്റ്പാക്ക് സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങളും കടലാസിൽ ഉറങ്ങുകയാണ്.
മണ്ഡലതീർത്ഥാടനം പടിവാതിൽക്കൽ
രണ്ടര വർഷത്തിനുള്ളിൽ അറുപതിലേറെ അപകടങ്ങളാണ് ഇവിടെ നടന്നത്. ശബരിമല തീർത്ഥാടകരുടെ ഭൂരിഭാഗം വാഹനങ്ങളും എരുമേലിയിലേക്ക് എത്തുന്നത് ഇതുവഴിയാണ്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങളാണ് ഇനി ശേഷിക്കുന്നത്.
വാഗ്ദാനങ്ങളിങ്ങനെ
നൈറ്റ് വിഷൻ കാമറ
സ്പീഡ് ബ്രേക്കർ
ഡിവൈഡർ
പൊലീസ് പട്രോളിംഗ്