പാലാ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. പാലാ ഡിപ്പോയിൽ എട്ടു സർവീസുകൾ മാത്രമാണ് നടത്തിയത്. 69 സർവീസുകൾ കാര്യക്ഷമമായി നടക്കുന്ന പാലാ ഡിപ്പോയിൽ നിന്നും പാലാ-തൊടുപുഴ-6, ഹൈക്കോടതി -1, തിരുവനന്തപുരം -1, എന്നിങ്ങനെയാണ് സർവീസ് നടത്തിയത്. എരുമേലി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലെ സർവീസുകളൊന്നും ഓടിയില്ല. സെന്ററിൽ നിന്നും നേരിട്ട് നടത്തുന്ന സർവീസുകൾ സമരം മൂലം മുടങ്ങിയപ്പോൾ എരുമേലി വഴി കടന്നുപോകുന്ന ദീർഘ ദൂര ബസുകളും സെന്ററിൽ നിന്നുള്ള ദീർഘ ദൂര സർവീസുകളും മുടങ്ങിയില്ല. ഭരണ അനുകൂല സംഘടനകളിലെ ജീവനക്കാർ ജോലിക്ക് ഹാജരായിരുന്നു. പൊൻകുന്നത് പണിമുടക്കിയ ജീവനക്കാർ ഡിപ്പോയിൽ പ്രകടനവും യോഗവും നടത്തി. കെ.എസ്.ജയരാജ് ഉദ്ഘാടനം ചെയ്തു. പി.പി,അൻസാരി, ആർ.സി.സുധീഷ്, ജി.ഗോപകുമാർ, മനു ടോം ജേക്കബ്, ജോബി, മനോജ് മലയിൽ, സാജിദ് മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു.