കോട്ടയം: 25 വർഷത്തിലേറെയായി തരിശ് കിടക്കുന്ന ഇരുന്നൂറേക്കർ വരുന്ന കാക്കൂർ ചമ്പംവേലി പാടശേഖരത്ത് മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദി സംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നു. പതിറ്റാണ്ടുകളായി മാലിന്യവാഹിയായിരുന്ന മണിപ്പുഴ കണ്ണങ്കര തോടിന്റെ ആദ്യഘട്ട നവീകരണം ജനകീയ കൂട്ടായ്മയും രണ്ടാം ഘട്ട നവീകരണം ചെറുകിട ജലസേചന വകുപ്പും നടത്തിയിരുന്നു. ഇതേ തുടർന്ന് ജനകിയ കൂട്ടായ്മയുടെ ശ്രമഫലമായി കൃഷി വകുപ്പും കോട്ടയം നഗര സഭയും പദ്ധതിക്കൊപ്പം ചേർന്നതോടെ ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
തെക്കേമൂല ഭാഗത്ത് ചേർന്ന ചടങ്ങിൽ തരിശ് നില കൃഷിക്കായി നിലമൊരുക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ.കെ.അനിൽ കുമാർ നിർവഹിച്ചു. എബി കുന്നപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ പി.രമേശ്, കൗൺസിലർമാരായ സനൽ തമ്പി, സുരേഷ് ബാബു, ഷീനാ ബിനു, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ഇറിഗേഷൻ ഓവർസിയർ മുഹമ്മദ് സാജിദ് തുടങ്ങിയവർ സംസാരിച്ചു.