വൈക്കം: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നു പഴകിയ ആഹാരസാധനങ്ങൾ നഗരസഭ ആരോഗ്യ വകുപ്പ് പിടികൂടി. വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായാണ് കടകളിൽ അധികൃതർ പരിശോധന നടത്തിയത്. പഴകിയ ഇറച്ചിക്കറി, ബിരിയാണി റൈസ്, ചപ്പാത്തി, ബ്രഡ്, കറികൾ, എണ്ണ തുടങ്ങിയവയാണ് പിടി കൂടിയത്. നഗരസഭ ഉത്സവ വേളകളിൽ പരിശോധന നടത്തി പഴകിയ ഭക്ഷണം പിടികൂടുന്നത് പതിവാണെങ്കിലും തുടർനടപടികളുണ്ടാകാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭ കാര്യാലയത്തിനു മുന്നിൽ പിടികൂടിയ ഭക്ഷണം പ്രദർശിപ്പിക്കുന്നതോടെ നഗരസഭ ആരോഗ്യ വകുപ്പിന്റെ ഉത്തരവാദിത്തം തീരുകയാണ്. പഴകിയ ആഹാരസാധനങ്ങൾ പിടികൂടിയ കടകളിൽ നിന്നു തന്നെ പഴകിയ ഭക്ഷണം ഇതിനകം പല തവണ പിടിച്ചിട്ടുണ്ട്. അഷ്ടമി ഉത്സവകാലമാരംഭിക്കുന്നതോടെ 12 ദിനങ്ങളിൽ തദ്ധേശിയരെ കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളാണെത്തുന്നത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ കടകൾ പോലും അധികൃതർ വ്യക്തമാക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഉന്നത അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.