വൈക്കം : അഷ്ടമി മഹോത്സവം പൂർണ്ണമായും ഹരിത ചട്ടപ്രകാരം നടത്തുവാൻ വൈക്കം മുനിസിപ്പാലിറ്റിയും തിരുവിതാംകൂർ ദേവസ്വം ബോഡും തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ മുന്നോടിയായി ഹരിത അഷ്ടമി വിളബരം ചെയ്തു കൊണ്ടുള്ള ഘോഷയാത്രയും ഫ്‌ളാഷ് മോബും ഇന്ന് നടക്കും. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള ദേവസ്വം ഗ്രൗണ്ടിൽ നിന്നും രാവിലെ 9 ന് വിളംബര റാലി ആരംഭിക്കും. മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ്, ദേവസ്വം , ശ്രീ മഹാദേവ കോളേജ് ,ക്ഷേത്ര കലാപീഠം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് റാലി നടക്കുന്നത്. രാവിലെ 9 ന് മുനിസിപ്പൽ ചെയർമാൻ പി ശശിധരൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിക്കും. ബോട്ട് ജെട്ടി മൈതാനിയിൽ റാലി എത്തിച്ചേരുമ്പോൾ വൈക്കം ശ്രീ മഹാദേവ ടി ടി ഐ യിലെ അദ്ധ്യാപക പരിശീലകർ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ എസ്. ഇന്ദിരാദേവി, ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി. ജി. എം. നായർ കാരിക്കോട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.