വൈക്കം: സ്വദേശി സംസ്‌കാരത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നട്ടെല്ലൊടിച്ച ഗാന്ധിജി ലോകത്തെ എട്ടാമത്തെ അത്ഭുതമാണെന്ന് എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ഇൻഡ്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഗാന്ധിജിയുടെ 150ാ മത് ജന്മ വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലിയും ധാർമികതയും സുതാര്യമായ പ്രവർത്തന ശൈലിയും സമൂഹം സ്വീകരിക്കാൻ തയ്യാറാകണം. ഖാദി വസ്ത്ര നിർമാണത്തിലൂടെയും ഉപ്പിന് നികുതി ഏർപ്പെടുത്തിയപ്പോൾ ഉപ്പുണ്ടാക്കി നടത്തിയ പ്രതിഷേധവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കിയ സംഭവങ്ങളാണെന്നും ഡോ. സിറിയക് തോമസ് കൂട്ടിച്ചേർത്തു. ലോകത്ത് അഹിംസ കൂടിവരുന്ന കാലഘട്ടത്തിൽ അതിനു പരിഹാരമായ ദർശനം ഗാന്ധിസമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇസ്‌കഫ് പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എ പറഞ്ഞു.
വൈക്കം ഇണ്ടംതുരുത്തി മനയിൽ നടന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാർ ടി.എൻ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ഐപ്‌സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ, എം.ഡി ബാബുരാജ്, കെ.അജിത്ത്, ഡി.രഞ്ജിത് കുമാർ, എൻ.അനിൽ ബിശ്വാസ്, കെ.നാരായണൻ, ഷാജി ഇടപ്പള്ളി, പ്രിൻസ് മാത്യു, ജനാർദ്ദനൻ ആചാരി, ഫിറോഷ് മാവുങ്കൽ, ഇ.ജി ബാലകൃഷ്ണൻ, അഡ്വ. കെ.ആർ പ്രവീൺ എന്നിവർ പ്രസംഗിച്ചു. മികച്ച നാടക പ്രവർത്തകനുളള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കെ.ആർ രമേശ്, രക്തദാന സേവന രംഗത്ത് ആഗോള മുദ്ര പതിപ്പിച്ച ആരോഗ്യ പ്രവർത്തകൻ റേ മാത്യൂ വർഗീസ്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു എന്നിവരെ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധി സ്മൃതി ചിത്രങ്ങളുടെ പ്രദർശനം സി.കെ ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.