പൊൻകുന്നം: പി.പി.റോഡിൽ പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോയിൽ യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൂരാലി ഇലവനാൽതാഴെ ഹസ്സൻകുട്ടിയുടെ ഭാര്യ സുഹർബാൻ (സുഹറാബീവി 60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹസ്സൻകുട്ടിയെയും (64) ഓട്ടോഡ്രൈവർ കൂരാലി കുളങ്ങര വീട്ടിൽ റഫീഖിനെയും ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോയ കാർ എതിരെവന്ന ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇരുകാറുകൾക്കും നാശമുണ്ട്. കാർ ഓടിച്ചിരുന്ന പൊൻകുന്നം ഇരുപതാംമൈൽ തച്ചോലിൽ വീട്ടിൽ കണ്ണൻ (35), ഭാര്യ മീനു (25) എന്നിവരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹർബാൻ ചാമംപതാൽ പനന്താനത്തിൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മി, പരേതനായ തൗഫീഖ്. മരുമകൻ: ഷാജഹാൻ ചിറക്കടവ് (ഖാദിബോർഡ് ഉദ്യോഗസ്ഥൻ, കോട്ടയം). കബറടക്കം ഇന്ന് നാലിന് പനമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ.