കൊച്ചി : വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വൈക്കം പറയാട്ടു കോളനിയിൽ സഞ്ജുവെന്ന അനീഷ് ഭുവനചന്ദ്രന് എറണാകുളം അഡി. സെഷൻസ് കോടതി പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
രോഗബാധിതനായി കിടക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ നഗരത്തിലെ ഒരു സുഹൃത്തിന്റെ ഒാഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. ഒരു സംവിധായകന്റെ ഡ്രൈവറായ ഇൗ സുഹൃത്തിനോട് താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണെന്നാണ് പരിചയപ്പെടുത്തിയത്. സുഹൃത്ത് പുറത്തേക്കുപോയ സമയം പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി. ഗർഭിണിയായ പെൺകുട്ടിയെ ദൃശ്യങ്ങൾ കാട്ടി സഞ്ജു ഭീഷണിപ്പെടുത്തി അബോർഷന് നിർബന്ധിച്ചു. അബോർഷനു സമ്മതിച്ചില്ലെങ്കിൽ ദൃശങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇയാൾ കല്യാണം കഴിച്ചതാണെന്ന് അറിഞ്ഞ പെൺകുട്ടി എറണാകുളം ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകി. കേസിൽ 16 സാക്ഷികളെ കോടതി വിസ്തരിച്ചു.