കോട്ടയം: സ്റ്റാന്റിൽ നിന്ന് നീങ്ങിത്തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി യാത്രക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് യുവാക്കളുടെ ഗുണ്ടാവിളയാട്ടം. ഇന്നലെ വൈകിട്ട് 4.15 നു കോട്ടയം സ്റ്റാന്റിലായിരുന്നു സംഭവം.

നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയ ബസ് എവിടേയ്ക്കു പോകുന്നുവെന്ന് ചോദിച്ച് പിന്നാലെ ഓടിവന്ന മൂന്നു യുവാക്കളാണ് പ്രകോപനമില്ലാതെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇവർ ബസ് സ്റ്റാന്റിന്റെ മതിൽ ചാടിക്കടന്ന് തിയേറ്റർ റോഡിലൂടെ ഓടി രക്ഷപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ശാരിരിക അസ്വസ്ഥത ഉണ്ടായ യാത്രക്കാരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മുണ്ടക്കയത്ത് ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്ന കുറിച്ചി സ്വദേശി സന്തോഷിന്റെ മുഖത്താണ് സ്‌പ്രേ നേരിട്ട് പതിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ഓർഡിനറി ബസ് ചങ്ങനാശേരിയ്ക്കു പോകാൻ സ്റ്റാന്റിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ ഒരാൾ ഓടിയെത്തി പിന്നിലെ വാതിലിന് സമീപം തട്ടി ശബ്ദമുണ്ടാക്കി. ആരെങ്കിലും കയറാനാകുമെന്ന് കരുതി ഡ്രൈവർ ബസ് നിർത്തി. ഓടിയെത്തിയയാൾ ബസ് കുമളിയ്ക്കാണോ എന്ന് ചോദിച്ചു. അല്ല, ചങ്ങനാശേരിക്കാണെന്ന് യാത്രക്കാരിലൊൾ മറുപടി നൽകി. എന്നാൽ, മറുപടിക്കൊപ്പം അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ചോദിച്ചയാൾ യാത്രക്കാരനുമായി തർക്കത്തിലായി. രണ്ട് യുവാക്കൾകൂടി എത്തി മൂവരും ചേർന്ന് ബസിനുള്ളിലേക്കു കയറിയെങ്കിലും മറ്റുയാത്രക്കാർ ഇടപെട്ട് പുറത്താക്കി. ഇതോടെ സംഘത്തിലെ ഒരാൾ പോക്കറ്റിൽ കരുതിയിരുന്ന കുരുമുളകു സ്‌പ്രേ എടുത്ത് പുറത്തുനിന്ന് യാത്രക്കാരുടെ മുഖത്തേയ്ക്കു ചീറ്റിക്കുകയായിരുന്നു. സ്പ്രേ മുഖത്തുവീണതിനെത്തുടർന്ന് അവശനായ സന്തോഷിനെ ആദ്യം ജനറൽ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് മറ്റുചില യാത്രക്കാർക്കും അസ്വസ്ഥത തോന്നിയതോടെ ബസ് സർവീസ് അവസാനിപ്പിച്ച് എല്ലാവരേയും ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.