വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിൽപ്പെട്ട ടോൾ ചെമ്മനാകരി റോഡിന്റെ ദുരവസ്ഥ നാലായിരം കുടുംബങ്ങളെ വിഷമത്തിലാക്കി. പഞ്ചായത്തിലെ എട്ട് വാർഡുകൾ ഉൾപ്പെടുന്നതാണ് ടോൾ ചെമ്മനാകരി മേഖല. മൂന്ന് വർഷമായി തകർന്നു കിടക്കുന്ന റോഡ് കാൽനട യാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയിലാണ്. കഴിഞ്ഞവെള്ളപ്പൊക്കം റോഡിന്റെ തകർച്ച രൂക്ഷമാക്കി. പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നിരന്തരമായ പരാതികൾ കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. റോഡിന്റെ ദുരവസ്ഥ മൂലം ഇതുവഴിയുണ്ടായിരുന്ന പല ബസ് സർവ്വീസുകളും നിർത്താലക്കി. ഇതും ജന ജീവിതത്തെ വിഷമത്തിലാക്കി. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ തീരദേശവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇൻഡോ അമേരിക്കൻ ആശുപത്രി ഈ മേഖലയിലാണ്. ഗുരുതരമായ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും വിഷമമാണ്.
കഴിഞ്ഞ ദിവസം രോഗിയുമായി ആശുപത്രിയിലേക്കു പോയ വാഹനം കുഴിയിൽ വീണ് രോഗിക്ക് ഗുരുതരമായ പരിക്കേറ്റ സംഭവവും ഉണ്ടായി. ചെമ്മനാകരി, അക്കരപ്പാടം, മേക്കര, കൊടൂപ്പാടം പ്രദേശങ്ങളിലെ ജനങ്ങളെയാണ് റോഡിന്റെ ദുരവസ്ഥ ബാധിച്ചത്. ചേർത്തല വൈക്കം താലൂക്കുകളെ ബന്ധിപ്പിക്കുന്ന മണപ്പുറം ജംഗാർ സർവ്വീസിനെ ആശ്രയിക്കുന്ന വാഹന യാത്രക്കാരും വിഷമത്തിലാണ്.
റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടോൾ ജംഗ്ഷനിൽ തിങ്കളാഴ്ച ധർണ്ണ നടത്തി. മുൻ ഡി. സി. സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. പി. പി. സിബിച്ചൻ, അക്കരപ്പാടം ശശി, ഡി. സി. സി. ജനറൽ സെക്രട്ടറി പി. വി. പ്രസാദ്, അബ്ദുൾ സലാം റാവൂത്തർ, പി. കെ. ദിനേശൻ, എം. കെ. ഷിബു, ബാബു പൂവനേഴത്ത്, മോഹൻ കെ. തോട്ടുപുറം, എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.