കോട്ടയം: ജില്ലയിൽ ആവശ്യത്തിന് പൊലീസുകാരില്ലെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളിക്കുകയാണ് വകുപ്പ്. കോട്ടയം, ഇടുക്കി പൊലീസ് ജില്ലകൾ ഉൾപ്പെടുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനിലാണ് ഈ അവസ്ഥ. വേണ്ടത്ര അംഗബലമില്ലാത്തതിനാൽ ജില്ലയിലെ പൊലീസുകാർ അധിക ഡ്യൂട്ടി ചെയ്യുമ്പോൾ ഇതുവരെ റിപ്പോർട്ട് ചെയ്തത് രണ്ടൊഴിവുകൾ!
2019 ജൂലായിലെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ കായിക ക്ഷമതാ പരീക്ഷയും വെരിഫിക്കേഷനും അടക്കം പൂർത്തിയായി ഉദ്യോഗാർത്ഥികൾ നിൽക്കുമ്പോഴാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത്. നിയമന നിരോധനമില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാരാണ് നിയമനം നടത്താതെ ഒളിച്ചുകളിക്കുന്നത്. പൊലീസ് ഗ്രേഡ് പ്രെമോഷൻ കാലാവധി വെട്ടിക്കുറച്ചതിലൂടെ ഇനിയും ഒഴിവുകൾ വരാനുണ്ട്. മറ്റ് എല്ലാ ബറ്റാലിയനിലും 400 മുതൽ 600 ഒഴിവുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ അമിത ജോലി ചെയ്യിക്കുന്നതിൽ സേനാംഗങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്.
55 കെ.എ.പി അഞ്ചാം
ബെറ്റാലിയനിൽ
500 ഒഴിവുകൾ
713പേർക്ക് ഒരു പൊലീസ്
35 % പേർക്കും പ്രമേഹവും കൊളസ്‌ട്രോളും
വലിയ ടെൻഷനിലാണ് ജില്ലയിലെ പൊലീസുകാർ. ഒപ്പം പ്രമേഹവും കൊളസ്‌ട്രോളും കൂടിയാകുമ്പോൾ ടെൻഷൻ ഇരട്ടി. പൊലീസ് അസോസിയേഷൻ വിവിധ ആശുപത്രികളുമായി ചേർന്നു നടത്തിയ മെഡിക്കൽ ക്യാമ്പുകളിലാണ് ജില്ലയിലെ പൊലീസുകാരുടെ ആരോഗ്യ സ്ഥിതി കണ്ടെത്തിയത്.
ജോലിയുടെ അനുബന്ധ പ്രശ്‌നങ്ങൾ മൂലം സേനയിലെ പകുതിയോളം പൊലീസുകാരും മാനസികമായും ശാരീരികമായും സമ്മർദത്തിലാണ്. മേലുദ്യോഗസ്ഥരുടെ സമ്മർദത്തിന് പുറമേ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലും കൂടി നേരിടേണ്ടി വരുന്നു.
40 കഴിഞ്ഞ പൊലീസുകാർ രോഗത്തിന്റെ 'കസ്റ്റഡിയിലാണ്'. യോഗയ്ക്ക് വകുപ്പു തലത്തിൽ നിർദേശമുണ്ടെങ്കിലും ഉറക്കമൊഴിഞ്ഞു ഡ്യൂട്ടി ചെയ്യുന്നവർ എപ്പോൾ യോഗ ചെയ്യുമെന്നാണ് മറുചോദ്യം. 35 % പേരും പ്രമേഹം , കൊളസ്‌ട്രോൾ എന്നിവയ്ക്ക് മരുന്നുകഴിക്കുന്നവരാണ്. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ മിക്കവർക്കും നടുവേദനയും കാൽ, കണങ്കാൽ അസുഖങ്ങളും മുട്ടിന് തേയ്മാനവും കൂടുന്നുണ്ട്. കൂടുതൽ സമയം നിന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഏറുന്നത്.