കോട്ടയം: അഫീലിന്റെ മരണത്തിന് ശേഷം പാലാ സിന്തറ്റിക്ക് ട്രാക്കിൽ ആദ്യം നടക്കുന്ന ജില്ലാ കായികമേളയിൽ പൂർണ സുരക്ഷിതത്വം ഉറപ്പാക്കും. കുട്ടികളെ വാളണ്ടിയറാക്കേണ്ടെന്നും ചട്ടപ്പടി സമരം നടത്തുന്ന എല്ലാ കായികാദ്ധ്യാപകരും മേളയ്ക്ക് എത്തണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകി. ഏഴ്, എട്ട്, പതിനൊന്ന് തീയതികളിലാണ് കായികമേള.
അഫീലിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ പൂർണ സുരക്ഷിതത്വം പാലിക്കാനാണ് സംഘാടകരുടെ തീരുമാനം. ത്രോ ഇനങ്ങൾ ഒരേ സമയം നടത്തില്ല. മറ്റ് ആരും ഗ്രൗണ്ടിൽ ഉണ്ടാകില്ലെന്നതിനാൽ ഹാമർ ത്രോ ഉച്ചയൂണിന്റെ സമയത്ത് നടത്തും. വാളണ്ടിയർ ജോലി അദ്ധ്യാപകർക്കാണ്. ഒഫീഷ്യൽസിനും മത്സരാർത്ഥിക്കും മാത്രമേ ഗ്രൗണ്ടിൽ പ്രവേശനമുള്ളൂ.
മത്സരിക്കാൻ 2000 പേർ
13 സബ് ജില്ലകളിൽ നിന്നായി 94 ഇവന്റുകളിൽ 2000 പേരാണ് മത്സരിക്കുന്നത്. കുട്ടികൾക്ക് ഇരിക്കാനുള്ള പന്തലിന്റെ നിർമാണം ഇന്ന് തുടങ്ങും. ആറ് മുതൽ എട്ട് വരെയാണ് മത്സരം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ദേശീയ അത്‌ലറ്റിക് മീറ്റ് പ്രമാണിച്ചാണ് തീയതി മാറ്റിയത്. ഇന്നലെ ചേർന്ന സംഘാടക സമിതി യോഗത്തിൽ വിവിധ ചുമതലകൾ ഏൽപ്പിച്ചു.
ഹരിത പ്രോട്ടോക്കോൾ കർശനം
പ്ലാസ്റ്റിക് രഹിത കായികമേളയാകും മാങ്ങാട്ടുപറമ്പിൽ നടക്കുക. മത്സരാർത്ഥികളുടെയും ഒഫീഷ്യലുകളുടെയും ബാഡ്ജ് അടക്കം പ്ലാസ്റ്റിക് രഹിതമാക്കാനാണ് ആലോചന. ഗാലറിയിലും ഭക്ഷണശാലയിലുമെല്ലാം ഹരിത പ്രോട്ടോക്കോൾ നടപ്പാക്കും. ഇതിനായി ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാണി സി. കാപ്പൻ
കനിയുമോ?
കലോത്സവങ്ങളിൽ ഉച്ചഭക്ഷണം കൊടുക്കാറുണ്ടെങ്കിലും കായികമേളയിൽ ഇക്കുറിയും വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകില്ല. പണമില്ലെന്ന കാരണം പറഞ്ഞാണ് ഭക്ഷണം നിഷേധിക്കുന്നത്. അതേ സമയം ഒഫീഷ്യൽസിനുള്ള ഭക്ഷണം സ്റ്റേഡിയത്തിനോട് ചേർന്ന് സജ്ജമാക്കും. ഈരാറ്റുപേട്ടയിൽ കായികമേള നടന്നപ്പോൾ പി.സി.ജോർജ് എം.എൽ.എ ഇടപെട്ട് ഭക്ഷണം ഒരുക്കിയിരുന്നു. പാലായുടെ പുതിയ എം.എൽ.എ മാണി സി. കാപ്പൻ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.