കോട്ടയം: ഉത്തരേന്ത്യൻ മോഡൽ പശു സംരക്ഷകരുടെ കുരുക്ക് കേരളത്തിലേക്കും നീളുന്നുവെന്ന് സൂചന. കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് പതിനാറ് മാടുകളെ മൃഗസംരക്ഷണ പ്രവർത്തകരെന്ന് അവകാശപ്പെട്ടെത്തിയ സംഘം തട്ടിക്കൊണ്ടു പോയതോടെയാണ് ഈ സൂചന ബലപ്പെട്ടത്. രേഖകൾ നൽകാതെ മാടുകളെ തട്ടിയെടുത്ത സംഘത്തെപ്പറ്റി മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.എ. സലിം എറണാകുളം കളക്‌ടർക്ക് പരാതി നൽകി. മോഷണക്കേസ് രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശത്തോടെ കളക്‌ടർ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന സൊസൈറ്റി ടു പ്രിവൻഷ്യൽ ഒഫ് ക്രൂവൽറ്റി ടുവേർഡ് ആനിമൽസിന്റെ (എസ്.പി.സി.എ) പ്രവർത്തകരാണെന്ന് പറഞ്ഞെത്തിയ സംഘം ആലുവയിൽ തേവലക്കര സ്വദേശികളായ ഷാജഹാൻ, ജമാലുദ്ദീൻ കുഞ്ഞ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മാടുകളുമായെത്തിയ ലോറി തടയുകയായിരുന്നു. പതിനാറ് മാടുകളാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിൽ മുളക് പൊടി വിതറിയെന്നാരോപിച്ചാണ് മാടുകളെ പിടിച്ചെടുത്ത ശേഷം മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടു പോയത്.
മാടുകളെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയാത്തതിനെ തുടർന്ന് വ്യാപാരികൾ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനെ ബന്ധപ്പെട്ടു. അസോസിയേഷൻ എറണാകുളം കളക്ടർ, ഡി.ജി.പി, എറണാകുളം പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് എന്നിവർക്ക് പരാതി നൽകുകയായിരുന്നു. തമിഴ്‌നാട്ടിലും കർണാടകയിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. ഇതിനെതിരെ രണ്ടു വർഷം മുമ്പ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് കാലികളെ പിടിച്ചെടുക്കരുതെന്ന് കർണാടക, തമിഴ്‌നാട് സർക്കാരുകളോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് കേരളത്തിലും സമാന സംഭവമുണ്ടായത്.