കോട്ടയം: ഇടഞ്ഞോടിയ തിരുനക്കര ശിവൻ നാട്ടുകാരെ വിറപ്പിച്ചതോടെ മദപ്പാട് മാറും മുമ്പാണോ ശിവനെ ഇന്നലെ തിരുനക്കര അൽപ്പശി ഉത്സവ ആറാട്ടിന് തിടമ്പേറ്റാൻ കൊണ്ടുവന്നതെന്ന സംശയം ശക്തമായി. സുഖ ചികിത്സയുടെയും ചട്ടം പഠിപ്പിക്കലിന്റെയും ഭാഗമായി രണ്ടു മാസത്തോളമായി ചെങ്ങളത്തുകാവ് ദേവീക്ഷേത്രത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അൽപ്പശി ഉത്സവത്തിന്റെ സമാപനത്തിൽ തിരുനക്കര മഹാദേവനെ അമ്പലക്കുളത്തിൽ ആറാടിക്കുന്നതിന് തിടമ്പേറ്റിയത് ശിവനായിരുന്നു . വൈകിട്ട് തിരിച്ച് ചെങ്ങളത്തു കാവിലേക്ക് തളയ്ക്കാൻ കൊണ്ടു പോകും വഴിയായിരുന്നു പാപ്പാനു നേരേ ഇടഞ്ഞതും വാഹനങ്ങൾ തകർത്തതും. മദപ്പാടാണ് ഇടയാൻ കാരണമെങ്കിൽ രാവിലെ ആറാട്ടെഴുന്നള്ളിപ്പിന് പ്രശ്നമുണ്ടാക്കാതിരുന്നത് തിരുനക്കരയപ്പന്റെ കടാക്ഷം കൊണ്ടാണെന്നു വിശ്വസിക്കുകയാണ് ഭക്തജനങ്ങൾ . ആറാട്ടു കടവിലേക്കും തിരിച്ചും നിരവധി ഭക്തജനങ്ങൾ ആനക്കൊപ്പം നടന്നിരുന്നു ആ സമയത്ത് പ്രശ്നമുണ്ടായിരുന്നെങ്കിൽ വലിയ ദുരന്തത്തിന് തിരുനക്കര സാക്ഷിയായേനേ. ഭാഗ്യം കൊണ്ട് അത് ഒഴിഞ്ഞു മാറിയതിന്റെ ആശ്വാസത്തിലാണ് ഭക്തജനങ്ങൾ .

പല കാരണങ്ങളാൽ അരഡസനോളം പാപ്പാൻമാരെ മാറ്റിയതിനെ തുടർന്ന് പുതിയ പാപ്പാന്റെ ചട്ടത്തിലാണ് ശിവൻ.ആനയെ അനുസരിപ്പിച്ച് ചട്ടത്തിലാക്കണമെങ്കിൽ മർദ്ദിക്കേണ്ടി വരും. ഇത് തിരുനക്കരയിലെ ആനപ്രേമികളായ ഭക്തരുടെ എതിർപ്പിനിടയാക്കുമെന്നതിനാലാണ് ചെങ്ങളം ക്ഷേത്രവളപ്പിലേക്ക് മാറ്റിയത്.

പ്രത്യേക ആയുർവ്വേദ വിധിപ്രകാരമുള്ള ചികിത്സ കഴിഞ്ഞ് മദപ്പാട് കഴിഞ്ഞുവെന്നു കരുതിയായിരുന്നു ഇന്നലെ ആറാട്ടെഴുന്നള്ളിപ്പിന് കൊണ്ടു വന്നത്.സാധാരണ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഉണ്ടാകാറുള്ള മദപ്പാട് നേരത്തേ മാറിയതിനാൽ അടുത്ത മാർച്ചിലെ തിരുനക്കര ഉത്സവകാലത്ത് ശിവനെ എഴുന്നള്ളിപ്പിക്കാനാവുമെന്ന് ആനപ്രേമികൾ സന്തോഷിച്ചിരിക്കുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് പാപ്പാനെ കൊന്നും സ്വകാര്യ ബസ് കുത്തി മറിക്കാൻ ശ്രമിച്ചും ആന പ്രശ്നക്കാരനായത്.

തിരുനക്കര ഉത്സവകാലമെത്തുമ്പോൾ ശിവൻ സ്ഥിരം മദപ്പാടിലാകും. പുറത്തുനിന്നുള്ള മറ്റാനകൾക്ക് തിടമ്പ് നൽകാൻ ശിവനെ മനപൂർവ്വം മദപ്പാടിലാക്കുകയാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഒരു പകൽ പൂരത്തിന് മദപ്പാടിലെന്നു പറഞ്ഞു മാറ്റി നിറുത്തിയ ശിവനെ ആന പ്രേമികളുടെ സമ്മർദ്ദത്തിന് വഴങ്ങി അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വി.എൻ. വാസവനും മറ്റും മുൻകൈയെടുത്ത് ഇറക്കിയിരുന്നു.