വൈക്കം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡിനുള്ളിൽ കിടന്ന ബസ് മുന്നോട്ടെടുക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടി അപകടമുണ്ടായിരുന്നു. കാറിന്റെ ഒരു വശം അപകടത്തിൽ തകർന്നു. അധികൃതരുടെ മൗനാനുവാദത്തോടെയാണ് മറ്റ് വാഹനകൾക്ക് സ്റ്റാൻഡിനുള്ളിൽ പാർക്കിംഗ് അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്.
അനധികൃത പാർക്കിംഗ് അപകടം ഉണ്ടാക്കുന്നുവെന്നും അടിയന്തിരമായി പാർക്കിംഗിന് മറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നും ആട്ടോ ടാക്‌സി ഗുഡ്‌സ് ഡ്രൈവേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) വൈക്കം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സന്തോഷ് ചക്കനാടൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.വി. പ്രസാദ്, ഇടവട്ടം ജയകുമാർ, ബാബു മംഗലത്ത്, സുരേഷ് മാടത്തിൽചിറ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.