പാലാ : പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന തകർച്ചയിൽ നിന്നു കരകയറാൻ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കൂട്ടായ്മയിലൂടെ പ്രതിസന്ധിയെ തരണം ചെയ്ത് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂരിൽ ജില്ലാ ബ്രിക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിടങ്ങൂർ, മുത്തോലി, ഏറ്റുമാനൂർ, അയർക്കുന്നം മേഖലകളിൽ അഞ്ചുപതിറ്റാണ്ടായി തുടരുന്ന ഇഷ്ടിക വ്യവസായം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുമ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സംയുക്തമായി രൂപീകരിച്ച കെ.ഡി.ബി.എം.എയുടെ ആഭിമുഖ്യത്തിലാണ് കുടുംബസംഗമം നടന്നത്. മോൻസ് ജോസഫ് എം.എൽ.എ മുൻകാല സംരഭകരെ ആദരിച്ചു. മാണി സി കാപ്പൻ എം.എൽ.എ ചികിത്സാസഹായവിതരണം നിർവഹിച്ചു. സംഘടനാ പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. സംഘടനയുടെ ഓഫീസ് കിടങ്ങൂർ ക്ഷേത്രം ജംഗ്ഷനു സമീപം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ ശ്രീകുമാർ, ബിനോയി ടി.കെ,കെ.എസ് ശ്രീകുമാർ, പി.ജി.ജോസഫ്, രഞ്ജിത് കുമാർ, സിബി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.