peperspray

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ്സിലിരുന്ന യാത്രക്കാർക്ക് നേരെ കുരുമുളക് ‌സ്‌പ്രേ പ്രയോഗിച്ച സംഭവത്തിൽ സ്ഥിരം ക്രിമിനലുകളായ മൂന്നു പേർ പിടിയിൽ. തിരുവാർപ്പ് ചെറത്തറ ശ്യാംമോൻ (31), സഹോദരങ്ങളായ ചുങ്കം പതിയിൽ പറമ്പിൽ ജോസഫ് ഏബ്രാഹം (21), തോമസ് ഏബ്രഹാം (24) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കഞ്ചാവ് കച്ചവടം, പിടിച്ചുപറി, അടിപിടി അടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു ആക്രമണം. ചങ്ങനാശേരി ഭാഗത്തേയ്‌ക്കു പോകാനിറങ്ങിയ ബസിലെ യാത്രക്കാരനുമായുള്ള തർക്കത്തിന്റെ പേരിൽ പ്രതികൾ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ട ഇവർ തീയറ്റർ റോഡിലൂടെ കളക്‌ടറേറ്റ് ഭാഗത്ത് എത്തി. ഇവിടെ നിന്ന് കുമളിക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി. പ്രതികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കണ്ടക്‌ടർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ വിവരം പൊൻകുന്നം പൊലീസിനു കൈമാറി. ബസ് പൊൻകുന്നത്ത് എത്തിയതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതികളെ ഏറ്റുവാങ്ങി.

ആക്രമണത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുറിച്ചി സ്വദേശി സന്തോഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, ഇയാൾ പരാതി നൽകാൻ തയ്യാറായില്ല. തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഗുണ്ട വിനീത് സഞ്ജയന്റെ സംഘത്തിൽ പെട്ടവരാണ് പിടിയിലായവർ. അയ്‌മനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം പ്രതിയാണ് ജോസഫ്.