വൈക്കം: അഷ്ടമിക്ക് മുന്നോടിയായി നടക്കുന്ന സമൂഹ സന്ധ്യവേല ഇന്ന് സമാപിക്കും. വടയാർ സമൂഹത്തിന്റേതാണ് സമാപന സന്ധ്യവേല. ആചാരമനുസരിച്ച് പ്രാതൽ ,വിശേഷാൽ അഭിഷേകങ്ങൾ, മുറജപം, ഒറ്റപ്പണ സമർപണം എന്നീ ചടങ്ങുകളും ഉണ്ടാവും. വൈക്കത്തപ്പനെ സങ്കൽപ്പിച്ച് മാന്യ സ്ഥാനത്ത് ദീപം തെളിയിച്ച് ഇലവച്ച് പ്രാതലിന്റെ വിഭവങ്ങൾ വിളമ്പിയതിന് ശേഷമാണ് ഊട്ടുപുരയിൽ പ്രാതൽ നല്കുന്നത്. ദീപാരാധനയ്ക്ക് ശേഷമാണ് ഒറ്റപ്പണ സമർപ്പണം. മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് സമൂഹ മഠത്തിൽ നിന്നും വാദ്ധ്യാർ കൊണ്ടുവരുന്ന ചങ്ങലവട്ടയിൽ തെളിയിച്ച ശേഷം ക്ഷേത്ര ബലിക്കൽ പുരയിൽ എത്തിക്കുന്നു. ഇവിടെ വെള്ളപ്പട്ട് വിരിച്ച് ആചാരപ്രകാരം ഒറ്റപ്പണ സമർപ്പണം നടക്കും. കിഴിക്കാർ, പട്ടോലക്കാർ, സമൂഹാംഗങ്ങൾ, ഭക്തജനങ്ങൾ, ദേവസ്വം ഭാരവാഹികൾ എന്നിവർ ഒറ്റപ്പണം സമർപ്പിക്കും. ദേവസ്വം അധികാരികളുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. തുടർന്ന് പണം കിഴികെട്ടി തലച്ചുമടായി എടുത്ത് വേദമന്ത്രോച്ഛാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പ്യൂർത്തിയാക്കി ദേവസ്വത്തിൽ ഏൽപ്പിക്കും. ഇതിൽ നിന്നും ഒരു പണം കിഴിയായി എടുക്കുന്നത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും.
സന്ധ്യ വേലയുടെ മുന്നോടിയായി കുംടുബ ക്ഷേത്ര ദർശനം നടത്തി അനുവാദം വാങ്ങി, ക്ഷണിക്കുക എന്ന ചടങ്ങും നിലവിലുണ്ട്. സന്ധ്യ വേലയുടെ പ്രാതലിനുള്ള അരിയളക്കൽ ക്ഷേത്ര കലവറയിൽ നടന്നു.