കണമല : ഇത്തവണ ശബരിമല തീർത്ഥാടന വഴി താണ്ടാൻ ദുരിതമേറെ കടക്കണം. എരുമേലി വഴി ആയിരക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന പാതകളിലെ പാലങ്ങൾക്ക് കൈവരിയില്ലാത്തത് വൻ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്.

കഴിഞ്ഞ പ്രളയത്തിൽ തകർന്ന എയ്ഞ്ചൽവാലി, അഴുത, മൂക്കംപെട്ടി പാലങ്ങളുടെ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംരക്ഷണ ഭിത്തികളും ദുർബലമാണ്.

എയ്ഞ്ചൽവാലി പാലത്തിന്റെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഒരു വശത്ത് മാത്രമാണ് തകർന്ന് ഒലിച്ചുപോയ അപ്രോച്ച് റോഡ് നിർമിച്ചിട്ടുള്ളത്. 86.75 ലക്ഷം ചെലവിട്ടായിരുന്നു നിർമ്മാണം. എന്നാൽ ടാർ ചെയ്തിട്ടില്ല. കൈവരികൾ നിർമിക്കാൻ 8 ലക്ഷം അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. പത്തനംതിട്ട ജില്ലയിലുൾപ്പെട്ട ഭാഗത്തും അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടില്ല. നാട്ടുകാർ നിർമ്മിച്ച മൺതിട്ടയാണ് അപ്രോച്ച് റോഡ്. എയ്ഞ്ചൽവാലി - മൂക്കംപെട്ടി - കോരുത്തോട് വഴിയാണ് ഇടുക്കി ജില്ലയിലൂടെ എത്തുന്ന തീർത്ഥാടകർ ശബരിമല യാത്രയ്ക്ക് എളുപ്പമാർഗമായി ഉപയോഗിക്കുന്നത്. കാളകെട്ടിയിലൂടെ പരമ്പരാഗത വനപാതയിലൂടെ വരുന്നവർ അഴുത നദി കടന്ന് വേണം യാത്ര തുടരാൻ. എന്നാൽ കൈവരികളില്ലാതെ അപകടാവസ്ഥയിലാണ് ഈ പാലം. പ്രളയത്തിൽ ഒഴുകി വന്ന് പാലത്തിന്റെ തൂണുകളിൽ അടിഞ്ഞ തടികൾ ഇനിയും നീക്കിയിട്ടില്ല. മുൻ എം.പി തെന്നല ബാലകൃഷ്ണപിള്ളയുടെ വികസനഫണ്ടിലാണ് നടപ്പാലമായി പാലം നിർമ്മിച്ചത്.

പാലങ്ങൾ ഇവ

എയ്ഞ്ചൽവാലി

അഴുത

മൂക്കംപെട്ടി

കോസ്‌വേപാലത്തിലും പേടിക്കണം

പ്രളയത്തിലും കഴിഞ്ഞയിടെ വെള്ളപ്പൊക്കത്തിലുമായി ഏറെ നാശനഷ്ടങ്ങൾ നേരിട്ട കോസ്‌വേ പാലത്തിന്റെ സുരക്ഷയും ചോദ്യചിഹ്നമാണ്. അറ്റകുറ്റപ്പണികൾ നടത്തിയെന്ന് മരാമത്ത് വകുപ്പ് പറയുമ്പോൾ സംരക്ഷണ ഭിത്തിയിൽ മാത്രമായൊതുങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. കൈവരികളും , അപ്രോച്ച് റോഡുും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. എരുമേലിയിൽ ഓരുങ്കൽകടവ് പാലത്തിന്റെ കൈവരികളുടെ തകർന്ന ഭാഗവും പുനർനിർമ്മിച്ചിട്ടില്ല.